തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റേതെന്ന പേരിൽ പുറത്തുവന്ന ശബ്ദ സന്ദേശം സ്വപ്നയുടേത് തന്നെയെന്ന് സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് ദക്ഷിണ മേഖല ജയിൽ ഡിഐജിയുടെ റിപ്പോർട്ട്.
ശബ്ദത്തിന് സാമ്യമുണ്ട്. എന്നാൽ തന്റേതാണെന്ന് ഉറപ്പില്ലെന്നാണ് സ്വപ്ന ഡിഐജിക്ക് നൽകിയ മൊഴി. ശബ്ദ സന്ദേശം അട്ടകുളങ്ങര വനിതാ ജയിലിൽവെച്ച് റെക്കോർഡ് ചെയ്തതല്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. സന്ദേശത്തിന്റെ ആധികാരികത പൊലീസ് ഹൈടെക്ക് സെൽ അന്വേഷിച്ചു കണ്ടെത്തണമെന്നാണ് ജയിൽ വകുപ്പിന്റെ നിലപാട്. ശബ്ദ സന്ദേശം സ്വപ്ന സുരേഷിന്റേതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ദക്ഷിണ മേഖല ഡിഐജി അജയകുമാർ ജയിൽ ഡിജിപിക്ക് നൽകിയിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്.
ശബ്ദ സന്ദേശത്തിന് തന്റെ ശബ്ദവുമായി സാമ്യമുണ്ടെങ്കിലും തന്റേതാണെന്ന് ഉറപ്പുപറയാൻ കഴിയില്ലെന്നാണ് സ്വപ്നയുടെ മൊഴി. അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിൽ കഴിയുന്ന സമയം കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നു. ആരോടൊക്കെ എന്തൊക്കെ പറഞ്ഞുവെന്ന് ഓർമയില്ല. തിരുവനന്തപുരത്ത് എത്തിയതിന് ശേഷമാണ് അൽപ്പമെങ്കിലും സ്വസ്ഥമായതെന്നാണ് സ്വപ്ന മൊഴിയിൽ പറയുന്നത്.
അട്ടകുളങ്ങര ജയിലിൽ എത്തിയശേഷം ശബ്ദസന്ദേശത്തിൽ പറയുന്ന പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും സ്വപ്നയുടെ മൊഴിയുണ്ട്. ഈ മൊഴികളെല്ലാം ഉൾപ്പെടുത്തിയാണ് അന്വേഷണ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ആട്ടകുളങ്ങര ജയിലിൽ നിന്നല്ല ശബ്ദം റെക്കോർഡ് ചെയ്തതെന്ന് ഉറപ്പാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Read also: നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റണമെന്ന ഹരജികളില്‍ ഇന്ന് വിധി








































