തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സിപിഎമ്മിനേയും നേതാക്കളെയും പ്രതിരോധത്തിലാക്കി സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തൽ. വിജേഷ് പിള്ള എന്ന ഇടനിലക്കാരനെ വെച്ച് സ്വർണക്കടത്ത് കേസിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം ഇടപെട്ട് ഒത്തുതീർപ്പിന് ശ്രമിച്ചെന്ന് സ്വപ്‌ന സുരേഷ് ആരോപിക്കുന്നു.
30 കോടി വാഗ്‌ദാനം ചെയ്‌തുവെന്നും, തെളിവ് കൈമാറാൻ ആവശ്യപ്പെട്ടുവെന്നും ഇല്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന ആരോപിക്കുന്നു. ഫേസ്ബുക്ക് ലൈവിലാണ് സ്വപ്‌ന ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ‘മൂന്ന് ദിവസം മുമ്പ് കണ്ണൂരിൽ നിന്നും വിജേഷ് പിള്ള എന്നയാൾ വിളിച്ചു. ഇന്റർവ്യൂ എടുക്കാനെന്ന പേരിലാണ് വിളിച്ചത്. എംവി ഗോവിന്ദൻ പറഞ്ഞിട്ടാണ് ബന്ധപ്പെടുന്നതെന്നാണ് പറഞ്ഞത്.
കേസ് സെറ്റിൽ ചെയ്യുന്നതിന് 30 കോടി വാഗ്‌ദാനം ചെയ്‌തു. ബെംഗളൂരു വിട്ടു ഹരിയാനയിലേക്കോ ജയ്‌പൂരിലേക്കോ താൻ പോകണമെന്നായിരുന്നു ആവശ്യം. മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയുമുള്ള എല്ലാ തെളിവുകളും നശിപ്പിക്കണം. താൻ കളളം പറഞ്ഞെന്ന് പൊതുസമൂഹത്തോട് പറയണം. തെളിവുകളെല്ലാം കൈമാറണം. കള്ള പാസ്‌പോർട്ട് ഉണ്ടാക്കി തന്ന് മലേഷ്യയിലേക്ക് മാറാൻ എല്ലാ സഹായവും ചെയ്യാമെന്ന് പറഞ്ഞു.
എംവി ഗോവിന്ദൻ എന്നെ തീർത്ത് കളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിജേഷ് പിള്ള തന്നോട് പറഞ്ഞത്. യുഎഇയിൽ വെച്ച് യൂസഫലിയെ ഉപയോഗിച്ച് തനിക്കെതിരെ ഇല്ലാത്ത കേസ് കെട്ടിച്ചമച്ചു എന്നെ കുടുക്കുമെന്നും വിജേഷ് പിള്ള ഭീഷണിപ്പെടുത്തി. ബാഗിലടക്കം മയക്കുമരുന്നോ നോട്ടോ വെച്ച് എന്നെ അകത്താക്കാൻ യൂസഫലിക്ക് എളുപ്പമാണെന്നും വിജേഷ് പിള്ള പറഞ്ഞു’- സ്വപ്‌ന സുരേഷ് വെളിപ്പെടുത്തി.
അതേസമയം, സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിൽ എംവി ഗോവിന്ദൻ മറുപടി പറയണമെന്ന് ബിജെപി സംസ്‌ഥാന സെക്രട്ടറി കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ആരാണ് വിജേഷ് പിള്ള? എന്താണ് 30 കോടി കൊടുക്കാൻ പ്രേരിപ്പിച്ച തെളിവ്? ഗോവിന്ദൻ മാസ്‌റ്ററുടെ പേര് പലതവണയായി പറയുന്നു. മുഖ്യമന്ത്രിക്ക് മാത്രമല്ല, പാർട്ടിക്കും പങ്കുണ്ടെന്ന് സ്വർണക്കക്കടത്ത് കേസിലെ പ്രധാന പ്രതിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. എല്ലാറ്റിനും ഗോവിന്ദൻ മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Most Read: കള്ളനോട്ട് കേസ്; ആലപ്പുഴ എടത്വ കൃഷി ഓഫിസർ അറസ്‌റ്റിൽ