തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിന്റെ പിടിയിൽ അകപ്പെട്ട തൃശൂർ സ്വദേശി ജെയിൻ ഇന്ത്യയിൽ തിരികെയെത്തി. ഡെൽഹിയിലെത്തിയ ജെയിൻ ഇന്നുതന്നെ വീട്ടിലെത്തും. തൃശൂർ കുറാഞ്ചേരി സ്വദേശിയാണ് ജെയിൻ.
കഴിഞ്ഞവർഷം കൂലിപ്പട്ടാളത്തിന്റെ ഭാഗമാക്കപ്പെട്ട ജെയിനിന് ജനുവരിയിൽ യുദ്ധഭൂമിയിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധു ടിബി ബിനിൽ കൊല്ലപ്പെടുകയും ചെയ്‌തു. ഗുരുതരമായി പരിക്കേറ്റ ജെയിൻ മാസങ്ങളോളം മോസ്‌കോയിലെ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു.
കൂലിപ്പട്ടാളത്തിന്റെ ഒരുവർഷ കാലാവധി പൂർത്തിയായിരുന്നെങ്കിലും വീണ്ടും യുദ്ധമുഖത്തേക്ക് അയക്കപ്പെടുമോ എന്ന ഭീതിയിലായിരുന്നു ജെയിൻ. ഈ ആകുലത പങ്കുവെച്ചുകൊണ്ട് മോസ്‌കോയിലെ ആശുപത്രിയിൽ നിന്ന് അയച്ച വീഡിയോ സന്ദേശമാണ് ജെയിനിന്റെ മടങ്ങിവരവിന് വഴിതെളിച്ചത്.
മോചനത്തിനായി കേന്ദ്ര സർക്കാറിന്റെ സഹായം അഭ്യർഥിച്ചുകൊണ്ടുള്ള വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ എംബസി ഉൾപ്പടെ നടത്തിയ ശക്‌തമായ ഇടപെടലുകളാണ് ജെയിനിനെ നാട്ടിലേക്ക് മടക്കിക്കൊണ്ടുവന്നത്.
ഇലക്‌ട്രീഷ്യൻമാരായ ഇരുവരും റിക്രൂട്ടിങ് ചതിയിൽപ്പെട്ടാണ് റഷ്യൻ കൂലിപ്പട്ടാളത്തിലെത്തിയത്. ഇവർക്ക് പുറമെ കേരളത്തിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിപ്പേർ സമാനമായ രീതിയിൽ ചതിക്കപ്പെട്ട് റഷ്യയിലെത്തുകയും നിർബന്ധിതമായി കൂലിപ്പട്ടാളത്തിന്റെ ഭാഗമാവുകയും ചെയ്‌തിട്ടുണ്ട്. വിഷയത്തിൽ എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ