ന്യൂഡെൽഹി: പാക്കിസ്‌ഥാൻ സൈന്യത്തിനെതിരെ രൂക്ഷവിമർശനവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. പാക്കിസ്‌ഥാൻ ഭരണകൂടവും സൈന്യവും തീവ്രവാദത്തിൽ പങ്കാളികളാണെന്ന് ജയശങ്കർ വിമർശിച്ചു. പാക്കിസ്‌ഥാന് സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്ന ഭീകര ശൃഖലകളെ കുറിച്ച് അറിയില്ലെന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-ഡച്ച് ബന്ധം ശക്‌തിപ്പെടുത്തുന്നതിനുള്ള നയതന്ത്ര യാത്രയുടെ ഭാഗമായി നെതർലാൻഡ്‌സിൽ എത്തിയപ്പോഴായിരുന്നു ജയശങ്കർ ഡച്ച് മാദ്ധ്യമത്തിന് അഭിമുഖം നൽകിയത്. അതിർത്തി കടന്നുള്ള ഭീകരതയിൽ കഴുത്തറ്റം അവർ ഉൾപ്പെട്ടിരിക്കുന്നുവെന്ന് ജയശങ്കർ പറഞ്ഞു. പകൽവെളിച്ചത്തിൽ പ്രവർത്തിക്കുന്ന കുപ്രസിദ്ധ തീവ്രവാദികൾ പ്രവർത്തിക്കുന്ന രാജ്യമാണ് പാക്കിസ്‌ഥാനെന്നും അദ്ദേഹം വിമർശിച്ചു.
”യുഎൻ ഉപരോധം ഏർപ്പെടുത്തിയ കുപ്രസിദ്ധ ഭീകരവാദികളെല്ലാം പാക്കിസ്‌ഥാനിലാണ്. വലിയ നഗരങ്ങളിൽ പകൽവെളിച്ചത്തിലാണ് അവർ പ്രവർത്തിക്കുന്നത്. അവരുടെ വിലാസങ്ങൾ അറിയാം. പ്രവർത്തനങ്ങൾ അറിയാം. അവരുടെ ബന്ധങ്ങളുമറിയാം”- എസ് ജയശങ്കർ പറഞ്ഞു.
ഏപ്രിൽ 22ന് പഹൽഗാമിൽ 26 പേർ കൊല്ലപ്പെടാനിടയായ ഭീകരാക്രമണത്തിന് മറുപടിയായാണ് മേയ് ഏഴാം തീയതി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. പാക്കിസ്‌ഥാന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!