തിരുവനന്തപുരം: ഇഡിക്കും എന്‍ഐഎക്കും പിന്നാലെ കസ്റ്റംസും ജലീലിനെ ചോദ്യം ചെയ്യും. അനധികൃതമായി യുഎഇ കോണ്‍സുലേറ്റില്‍ നിന്നും ഈന്തപ്പഴവും മതഗ്രന്ഥവും കൈപ്പറ്റുകയും, വിതരണം നടത്തുകയും ഉണ്ടായെന്ന പരാതിയിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണവും കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.
2016 ഒക്ടോബര്‍ മുതല്‍ പലപ്പോഴായി പതിനേഴായിരം കിലോ ഈന്തപ്പഴമാണ് സംസ്ഥാനത്തേക്ക് എത്തിയത്. ഇതില്‍ പ്രത്യേക അന്വേഷണം ആരംഭിച്ചതായി കസ്റ്റംസ് അറിയിച്ചു. പ്രോട്ടോകോള്‍ ലംഘിച്ച് ഖുര്‍ആന്‍ കൊണ്ടുവന്ന സംഭവത്തിലും നേരത്തെ കസ്റ്റംസ് അന്വേഷണം ആരംഭിച്ചിരുന്നു. മതഗ്രന്ഥങ്ങള്‍ കൈപ്പറ്റിയെന്ന കാരണത്താലാണ് ജലീലിനെ ചോദ്യം ചെയ്യുന്നത്.
മന്ത്രിയടക്കമുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ പ്രോട്ടോകോള്‍ ലംഘിച്ചെന്നും , യുഎഇ കോണ്‍സുലേറ്റുമായുള്ള ഇടപാടുകളില്‍ ഒരു നയതന്ത്ര സ്ഥാപനം പാലിക്കേണ്ട ചട്ടങ്ങള്‍ ഒന്നും തന്നെ പാലിച്ചില്ലെന്നും വിലയിരുത്തലുണ്ട്.







































