ശ്രീനഗര്‍: ജമ്മു കശ്‍മീര്‍ ജില്ലാ വികസന കൗണ്‍സില്‍(ഡിഡിസി) തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 37 മണ്ഡലങ്ങളിലാണ് വ്യാഴാഴ്‌ച വോട്ടെടുപ്പ് നടക്കുന്നത്. ജമ്മുവില്‍ 20 ഉം കശ്‍മീര്‍ ഡിവിഷനുകളില്‍ 17 ഉം മണ്ഡലങ്ങളിലെ ജനങ്ങളാണ് ഇന്ന് വിധിയെഴുതുക.
കശ്‍മീര്‍ ഡിവിഷനിലെ 17 ഡിഡിസി നിയോജക മണ്ഡലങ്ങളിലായി 30 സ്‍ത്രീകളടക്കം 155 പേരാണ് മല്‍സര രംഗത്തുള്ളത്. അതേസമയം ജമ്മു ഡിവിഷനില്‍ 144 പേരാണ് മല്‍സരത്തിന് ഇറങ്ങിയിരിക്കുന്നത്. ഇതില്‍ 40 സ്‍ത്രീകളും ഉള്‍പ്പെടുന്നു.
4,33,285 പുരുഷന്‍മാരും 3,94,234 സ്‍ത്രീകളും ഉള്‍പ്പടെ 8,27,519 വോട്ടര്‍മാരാണ് അഞ്ചാം ഘട്ടത്തില്‍ ബൂത്തുകളിലേക്ക് എത്തുക. ഇതില്‍ 4,39,529 വോട്ടര്‍മാര്‍ ജമ്മു ഡിവിഷനിലും 3,87,990 വോട്ടര്‍മാര്‍ കശ്‍മീര്‍ ഡിവിഷനിലുമാണ്.
തിരഞ്ഞെടുപ്പിന്റെ കൃത്യമായ നടത്തിപ്പിന് ആവശ്യമായ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും നടപടി ക്രമങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെകെ ശര്‍മ്മ അറിയിച്ചു. കോവിഡ് പശ്‌ചാത്തലം കണക്കിലെടുത്ത് വോട്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ മതിയായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്‌ച നടന്ന നാലാം ഘട്ട ഡിഡിസി തിരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 34 നിയോജക മണ്ഡലങ്ങളിലാണ് നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്.
Read Also: കർഷക സമരം 15ആം ദിവസത്തിലേക്ക്; പ്രക്ഷോഭം കടുപ്പിക്കാൻ തീരുമാനം
നവംബര്‍ 28നാണ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് ആരംഭിച്ചത്. 51.76 ശതമാനം പോളിങ്ങാണ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തിയത്. ഡിസംബര്‍ ഒന്നിന് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 48.62 ശതമാനവും ഡിസംബര്‍ 4 ന് നടന്ന മൂന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ 50.53 ശതമാനം പോളിങ്ങുമാണ് രേഖപ്പെടുത്തിയത്.
ജമ്മു കശ്‍മീരില്‍ എട്ട് ഘട്ടങ്ങളിലായി നടക്കുന്ന ഡിഡിസി തിരഞ്ഞെടുപ്പ് ഡിസംബര്‍ 19 വരെ തുടരും. ഡിസംബര്‍ 22നാണ് വോട്ടെണ്ണല്‍ നടക്കുക. ജമ്മു കശ്‍മീരിനുള്ള പ്രത്യേക പദവി നീക്കം ചെയ്‌തതിന്റെ തുടര്‍ച്ചയായി പഞ്ചായത്ത് രാജ് നിയമം ഭേദഗതി ചെയ്‌ത ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് ഇവിടെ നടക്കുന്നത്.
Kerala News: വോട്ടർ പട്ടികയിൽ പേരില്ല; മമ്മൂട്ടിക്കും വോട്ട് ചെയ്യാനാകില്ല