കാസര്‍ഗോഡ്: ജ്വല്ലറി തട്ടിപ്പ് കേസില്‍ വഞ്ചന കുറ്റം നിലനിക്കില്ലെന്നും അതിനാല്‍ കേസുകള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എംസി കമറുദ്ധീന്‍ എംഎൽഎ നല്‍കിയ ഹരജി ഇന്ന് ഹൈക്കോടതിയില്‍. എന്നാല്‍ വഞ്ചന നടന്നതിന് തെളിവുകള്‍ ഉണ്ടെന്ന് കാട്ടി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപം തട്ടിയതുമായി ബന്ധപ്പെട്ട കേസുകളില്‍ കമറുദ്ധീനൊപ്പം കൂട്ടുപ്രതി ആയി പേര് ചേര്‍ത്തിട്ടുള്ള ജ്വല്ലറി എംഡി ടികെ പൂക്കോയ തങ്ങളെ പ്രത്യേക അന്വേഷണം സംഘം ചോദ്യം ചെയ്‌തു. ചില സുപ്രധാന തെളിവുകള്‍ കിട്ടിയെന്നും അതിനാല്‍ ഇയാളെ വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു.
കാസര്‍ഗോഡ് ക്രൈം ബ്രാഞ്ച് ഓഫീസില്‍ വെച്ചായിരുന്നു ഇയാളെ ചോദ്യം ചെയ്‌തത്. ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ, എഎസ്‌പി വിവേക് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ കമറുദ്ധീനെയും ചോദ്യം ചെയ്യുമെന്നാണ് സൂചന.
ചന്ദേര, കാസര്‍ഗോഡ്, ചെറുവത്തൂര്‍ സ്റ്റേഷനുകളിലായി 87 കേസുകളാണ് കമറുദ്ധീന് എതിരെ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. വൈകാതെ അറസ്‌റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് നീങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അന്വേഷണത്തിന്റെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടി നിരവധി പേര്‍ പരാതി ഉന്നയിച്ചതോടെ ക്രൈം ബ്രാഞ്ചില്‍ നിന്നും പ്രത്യേക അന്വേഷണ സംഘത്തിലേക്ക് കേസ് കൈമാറുക ആയിരുന്നു.
Read Also: കന്യാസ്‌ത്രീകള്‍ക്ക് റേഷന്‍ കാര്‍ഡും റേഷന്‍ വിഹിതവും; നടപടികള്‍ ആരംഭിച്ചതായി മാണി സി.കാപ്പന്‍