ന്യൂഡെൽഹി: അഭ്യൂഹങ്ങൾക്കിടെ പാർട്ടി വിടുമെന്ന സൂചനകൾ നൽകി ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്‌തി മോർച്ച (ജെഎംഎം) നേതാവുമായ ചംപയ് സോറൻ. പാർട്ടിയിൽ നേരിട്ട അപമാനവും തിരസ്‌കാരവുമാണ് മറ്റൊരു പാത തിരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ചംപയ് സോറൻ എക്‌സിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പിൽ വ്യക്‌തമാക്കി.
പാർട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന പ്രചാരണങ്ങൾക്കിടെയാണ് അദ്ദേഹം നിലപാട് വ്യക്‌തമാക്കി രംഗത്തെത്തിയത്. ”ജീവിതത്തിലെ പുതിയ അധ്യായം ഇന്ന് ആരംഭിക്കുകയാണ്. മുന്നിൽ മൂന്ന് വഴികളാണ് ഉള്ളത്. രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കുക എന്നതാണ് ഒന്നാമത്തെ വഴി. പുതിയ പാർട്ടി രൂപീകരിക്കുക എന്നത് രണ്ടാമത്തെ വഴി. യോജിച്ചു പോകാവുന്ന മറ്റൊരു രാഷ്‌ട്രീയ പാർട്ടിയുമായി സഹകരിക്കുക എന്നതാണ് മൂന്നാമത്തെ വഴി. സംസ്‌ഥാന തിരഞ്ഞെടുപ്പ് വരെ ഈ വഴികൾ തുറന്ന് കിടക്കുകയാണ്”- ചംപയ് സോറൻ എക്‌സിൽ കുറിച്ചു.
ഇത് വ്യക്‌തിപരമായ പോരാട്ടമാണെന്നും മറ്റൊരു പാർട്ടി അംഗത്തെയും ഇതിൽ ഭാഗമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തതിനെ തുടർന്ന് ഹേമന്ത് സോറൻ രാജിവെച്ചപ്പോഴാണ് ചംപയ് സോറൻ മുഖ്യമന്ത്രിയായത്.
തുടർന്ന് അഞ്ചുമാസത്തിന് ശേഷം ജാമ്യം ലഭിച്ചു തിരിച്ചെത്തിയ ഹേമന്ത് സോറനുവേണ്ടി ചംപയ് സോറൻ മുഖ്യമന്ത്രി സ്‌ഥാനം ഒഴിഞ്ഞു. ഇതിൽ ചംപയ് സോറൻ അസ്വസ്‌ഥനായിരുന്നു എന്നാണ് വിവരം. പാർട്ടിയിൽ ഉണ്ടായ അധികാര തകർക്കങ്ങളെ തുടർന്ന് ഹേമന്ത് സൊറനുമായി ചംപയ് സോറൻ അകൽച്ചയിലായിരുന്നു. നിലവിൽ ഹേമന്ത് സോറൻ നയിക്കുന്ന സർക്കാരിൽ മന്ത്രിയാണ് ഇദ്ദേഹം.
Most Read| പിജി ഡോക്‌ടറുടെ കൊലപാതകം; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി- ചൊവ്വാഴ്‌ച പരിഗണിക്കും