കൽപ്പറ്റ: ജോലി വാഗ്‌ദാനം ചെയ്‌ത് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ മുംബൈയിൽ നിന്ന് പിടികൂടി. അസം സ്വദേശികളായ ഹബീബുൽ ഇസ്‌ലാം, ബഷീറുൽ അസ്‌ലം എന്നിവരെയാണ് പിടികൂടിയത്. വയനാട് സൈബർ സെൽ പോലീസാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.
വയനാട് ബത്തേരി സ്വദേശിയിൽ നിന്ന് ഓൺലൈൻ ഡാറ്റാ എൻട്രി ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെടുത്തെന്ന് പരാതിയുടെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റ്. 2021 ഡിസംബറിലാണ് പണം തട്ടിയെടുത്തത്. മാസം 35,000 രൂപ ശമ്പളം നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
പിടിയിലായ പ്രതികളിൽ നിന്ന് തട്ടിപ്പിലൂടെ സമ്പാദിച്ച അഞ്ച് ലക്ഷം രൂപയും, 13 മൊബൈൽ ഫോണും, വ്യാജ സിം കാർഡുകളും, മൂന്ന് ലാപ്ടോപ്പുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒരു സംഘം തന്നെ തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നതായാണ് നിഗമനം. സംഘത്തിലെ മറ്റുള്ളവരെയും ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
Most Read: ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി; വനംവകുപ്പ് പരിശോധന തുടങ്ങി








































