കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മോൻസൺ മാവുങ്കലിന്റെ വീടുകളിൽ പരിശോധന. കൊച്ചിയിലെ വീട്ടിൽ ക്രൈം ബ്രാഞ്ചും വനംവകുപ്പും മോട്ടോർ വാഹനവകുപ്പും ചേർന്നാണ് പരിശോധന നടത്തുന്നത്. ഇവിടെയുണ്ടായിരുന്ന മോൻസന്റെ നെയിം ബോർഡുകൾ ക്രൈം ബ്രാഞ്ച് നീക്കി. ചേർത്തലയിലെ വീട്ടിൽ നേരത്തെ തുടങ്ങിയ റെയ്‌ഡ് ഇപ്പോഴും തുടരുകയാണ്.
ചേർത്തലയിലെ വീട്ടിൽ വലിയ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ബീറ്റ് ബോക്‌സ് ഉൾപ്പെടെയാണ് വീടുകളിൽ സ്‌ഥാപിച്ചിരുന്നത്. എന്നാൽ, തട്ടിപ്പ് കേസിൽ മോൻസൺ അറസ്‌റ്റിലായതോടെ ഇവ പോലീസ് പിൻവലിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീടുകളിൽ പരിശോധന നടക്കുന്നത്.
വലിയ മൂല്യമുള്ള പുരാവസ്‌തുക്കൾ സൂക്ഷിച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ മോൻസൺ മാവുങ്കലിന്റെ വീടുകളിൽ പോലീസ് സുരക്ഷയൊരുക്കിയത് എന്നായിരുന്നു പോലീസിന്റെ വിശദീകരണം. മോൻസന്റെ ചോദ്യം ചെയ്യലടക്കമുള്ള ക്രൈം ബ്രാഞ്ച് നടപടികൾ പുരോഗമിക്കുകയാണ്. ഈ ഘട്ടത്തിലാണ് ആസൂത്രിതമായ പരിശോധനക്കായി മൂന്ന് വകുപ്പുകൾ ഇയാളുടെ വീടുകളിൽ എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കസ്‌റ്റംസ് ഇവിടെയെത്തി മോൻസന്റെ വാഹനങ്ങൾ പരിശോധിച്ചിരുന്നു. പത്ത് വാഹനങ്ങൾ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്‌തതാണെന്ന പോലീസിന്റെ ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് കസ്‌റ്റംസ് പരിശോധന നടത്തിയത്. കൂടാതെ, കോടനാട് നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്‌ഥരും മോൻസന്റെ കൊച്ചിയിലെ വീട്ടിൽ പരിശോധനക്ക് എത്തിയിരുന്നു. മോൻസൺ മാവുങ്കൽ മൈസൂർ രാജാവിനൊപ്പം യാത്ര ചെയ്‌തു എന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിൽ രണ്ട് ആനക്കൊമ്പുകൾ കാണാമായിരുന്നു. ഇവ യഥാർഥമാണോ എന്നുള്ള പരിശോധനയാണ് വനംവകുപ്പ് നടത്തുന്നത്.
അതേസമയം,മോൻസന്റെ ആഡംബര വാഹനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണമാണ് മോട്ടോർ വാഹന വകുപ്പ് നടത്തുന്നത്.
Also Read: പരിശീലനം നൽകിയത് പാക് സൈന്യവും, ലഷ്‌കറും; വെളിപ്പെടുത്തി കീഴടങ്ങിയ ഭീകരൻ