കൊച്ചി: ബലാൽസംഗ കേസിൽ മോൻസൻ മാവുങ്കൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. വീട്ടുജോലിക്കാരിയുടെ മകളെ ബലാൽസംഗം ചെയ്‌തുവെന്ന കുറ്റത്തിന് എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ മുമ്പാകെയുള്ള കേസിലാണ് മോൻസൻ വിചാരണ നേരിടേണ്ടത്.
വിചാരണാ നടപടികൾ നിർത്തിവെച്ചിരുന്നത് പുനരാരംഭിക്കാനും ജസ്‌റ്റിസ് എ ബദറുദീൻ ഉത്തരവിൽ വ്യക്‌തമാക്കി. നേരത്തെ, ഇതേ അതിജീവിതയെ പ്രായപൂർത്തിയാകുന്നതിന് മുൻപ് പീഡിപ്പിച്ച് ഗർഭിണിയാക്കുകയും പിന്നീട് ഗർഭം അലസിപ്പിക്കുകയും ചെയ്‌തുവെന്ന കേസിൽ എറണാകുളം പോക്‌സോ കോടതി മോൻസനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
2019 ജൂലൈയിൽ മോൻസൻ പീഡിപ്പിക്കുമ്പോൾ പെൺകുട്ടിക്ക് 17 വയസായിരുന്നു. ഈ കേസിലാണ് മോൻസനെ പോക്‌സോ കോടതി ശിക്ഷിച്ചത്. 2020 ജനുവരി മുതൽ 2021 സെപ്‌തംബർ വരെ മോൻസൻ ഇതേ പെൺകുട്ടിയെ ബലാൽസംഗം ചെയ്‌തിട്ടുണ്ടെന്ന് കാട്ടി മറ്റൊരു കേസും രജിസ്‌റ്റർ ചെയ്‌തിരുന്നു. ഈ സമയത്ത് പെൺകുട്ടി പ്രായപൂർത്തിയായിരുന്നു.
എന്നാൽ, ഒരേ കുറ്റത്തിന് രണ്ടുതവണ ശിക്ഷിക്കപ്പെടാൻ പാടില്ലെന്ന വകുപ്പുകൾ ചൂണ്ടിക്കാട്ടി ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മോൻസൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹരജി പരിഗണിച്ച് കൊണ്ടിരുന്നപ്പോൾ കോടതി വിചാരണാ നടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ, ആദ്യ കേസിൽ മോൻസനെ തെളിവുകളുടെ അടിസ്‌ഥാനത്തിൽ ശിക്ഷിച്ചതാണെന്നും അതിന് ശേഷവും പീഡനം തുടർന്ന സാഹചര്യത്തിൽ അത് മറ്റൊരു കേസായി തന്നെ പരിഗണിച്ച് വിചാരണ നടത്തണമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം ഇന്ന് കോടതി അംഗീകരിക്കുകയായിരുന്നു.
Most Read| പരിമിതികളിൽ പതറാതെ രേവതി; ഇനിയിവൾ കാതോലിക്കേറ്റ് കോളേജിലെ പെൺപുലി