തിരുവനന്തപുരം: ‘ലവ് ജിഹാദ്’ വിഷയത്തിൽ ജോസ് കെ മാണിയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോസ് കെ മാണി പറഞ്ഞത് എൽഡിഎഫിന്റെ അഭിപ്രായമല്ലെന്ന് കാനം പറഞ്ഞു.
എൽഡിഎഫ് പറയാത്ത വിഷയം ആരും ഉയർത്തേണ്ട. മത മൗലികവാദികളുടെ അഭിപ്രായമാണ് ‘ലവ് ജിഹാദ്’ എന്ന് എല്ലാവർക്കും അറിയാം. എൽഡിഎഫ് പ്രകടന പത്രികയിൽ ഇത്തരമൊരു കാര്യം പറഞ്ഞിട്ടില്ല. ഘടകകക്ഷികൾ ചർച്ചയാക്കേണ്ടത് പ്രകടനപത്രികയാണ്. ജോസ് കെ മാണി പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇത് എൽഡിഎഫിനെ ബാധിക്കില്ലെന്നും കാനം വ്യക്തമാക്കി.
സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ജോസ് കെ മാണിയുടെ പ്രസ്താവന. ‘ലവ് ജിഹാദു’മായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കപ്പെടണമെന്ന ആവശ്യമാണ് ജോസ് കെ മാണി ഉന്നയിച്ചത്. ഹൈക്കോടതി പോലും ലവ് ജിഹാദ് ഇല്ല എന്നാണല്ലോ പറഞ്ഞിരിക്കുന്നത് എന്ന ചോദ്യത്തിന്, ഇങ്ങനെയൊരു പ്രശ്നം ഉയര്‍ന്നു വന്നിട്ടുണ്ട്. ഈ വിഷയം പരിശോധിക്കപ്പെടണം. വിഷയത്തിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് അഡ്രസ് ചെയ്യപ്പെടണം എന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.
Also Read: സൂയസ് കനാലിൽ കുടുങ്ങിയ ‘എവർഗിവൺ’ ചരക്കുകപ്പൽ ചലിച്ചു തുടങ്ങി







































