അമരാവതി: ആന്ധ്രാപ്രദേശിൽ മാദ്ധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽ പോയ പോലീസുകാർ ഉത്തരേന്ത്യയിലേക്ക് കടന്നതായി സംശയം. കേസ് അന്വേഷണസംഘം പ്രതികളെ പിടികൂടുന്നതിനായി ഉത്തരേന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം, മുഖ്യപ്രതി വെങ്കട് സുബയ്യയെ സർവീസിൽ നിന്ന് പുറത്താക്കിയെന്ന് ഡിജിപി അറിയിച്ചു.
ആന്ധ്രാപ്രദേശിലെ കർണൂൽ നന്തിയാലിലാണ് സംഭവം. പ്രാദേശിക ചാനലിലെ റിപ്പോർട്ടർ ചെന്നകേശവലുവാണ് കൊല്ലപ്പെട്ടത്. പോലീസിന്റെ മാഫിയ ബന്ധങ്ങളെ കുറിച്ച് റിപ്പോർട് ചെയ്‌തതിന് പിന്നാലെയാണ് കൊലപാതകം. നന്തിയാൽ ടൗൺ പോലീസിന്റെ അനധികൃത സ്വത്തുസമ്പാദനത്തെ കുറിച്ചും മാഫിയ ബന്ധങ്ങളെ കുറിച്ചും വാർത്താപരമ്പര ചെയ്‌തിരുന്ന ചെന്നകേശവലുവിനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപ്പെടുത്തിയത്. വാർത്താറിപ്പോർട്ടുമായി ബന്ധപ്പെട്ട സംശയം തീർക്കാനെന്ന വ്യജേനെയാണ് പോലീസുകാർ ഇദ്ദേഹത്തെ വിളിച്ചുവരുത്തിയത്.
തുടർന്ന് പോലീസുകാരായ വെങ്കട് സുബ്ബയ്യ, കിഷൻ എന്നിവർ ചേർന്ന് കേശവലുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ശേഷം ഖനി ഉടമകളായ സുഹൃത്തുക്കളെ വിളിച്ചുവരുത്തി കേശവലുവിനെ സ്വകാര്യ വാനിൽ സമീപത്തെ ഗോഡൗണിൽ എത്തിച്ച് സ്‌ക്രൂ ഡ്രൈവറും കത്തിയും ഉപയോഗിച്ച് കൊലപ്പെടുത്തി മൃതദേഹം അടുത്തുള്ള കരിങ്കൽ ക്വാറിയിൽ തള്ളി.
സംഭവം പുറത്തറിഞ്ഞതോടെ രാജ്യാന്തര മാദ്ധ്യമ സംഘടനയായ ഇന്റർനാഷണൽ പ്രസ് ഇൻസ്‌റ്റിറ്റ്യൂട്ട് അടക്കം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കർണൂർ എസ്‌പി സുധീപ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കൊല്ലപ്പെട്ട മാദ്ധ്യമ പ്രവർത്തകന്റെ കുടുംബത്തിന് ആന്ധ്രാ സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
Also Read: ജമ്മു കശ്‌മീരില്‍ ഗ്രനേഡുകളുമായി മാദ്ധ്യമ പ്രവര്‍ത്തകന്‍ അറസ്‌റ്റിൽ