ലണ്ടൻ: അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ ജയിലിലായിരുന്ന വിക്കിലീക്‌സ് സ്‌ഥാപകൻ ജൂലിയൻ അസാൻജിന് യുഎസ് ജാമ്യം അനുവദിച്ചു. അഞ്ചുവർഷത്തോളമാണ് ജൂലിയൻ അസാൻജ് ജയിലിൽ കഴിഞ്ഞത്. ജാമ്യം ലഭിച്ചതിന് പിന്നാലെ അദ്ദേഹം ഓസ്‌ട്രേലിയയിലേക്ക് മടങ്ങി.
തന്റെ സ്വാതന്ത്ര്യത്തിന് പകരമായി യുഎസ് കോടതിയിൽ കുറ്റമേൽക്കാമെന്ന് അസാൻജ് സമ്മതിച്ചത് കൊണ്ടാണ് മോചനം സാധ്യതമായതെന്നെന്നാണ് കഴിഞ്ഞ ദിവസം രാത്രി പുറത്തുവന്ന കോടതി രേഖകൾ ഉദ്ധരിച്ച് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തിരിക്കുന്നത്. 2019 ഏപ്രിൽ മുതൽ ലണ്ടനിലെ ബെൽമാർഷ് ജയിലിലായിരുന്നു ജൂലിയൻ അസാൻജ്.
യുഎസ് സർക്കാറിന്റെ ആയിരക്കണക്കിന് രഹസ്യരേഖകൾ ചോർത്തി തന്റെ വെബ്‌സൈറ്റായ വിക്കിലീക്‌സിലൂടെ പ്രസിദ്ധീകരിച്ചത് ആഭ്യന്തര സുരക്ഷയ്‌ക്ക് ഭീഷണിയുണ്ടാക്കി എന്നാണ് അമേരിക്കയുടെ ആരോപണം. 2010ലാണ് അമേരിക്കയെ നടുക്കി ആയിരക്കണക്കിന് യുദ്ധരേഖകൾ അടക്കം വിക്കിലീക്‌സ് പുറത്തുവിട്ടത്. അമേരിക്കൻ സൈനിക രഹസ്യങ്ങളും നയതന്ത്ര രേഖകളും പുറത്തുവിട്ടതുമായി ബന്ധപ്പെട്ട 18 കേസുകളാണ് അസാൻജിനെതിരെയുള്ളത്.
എല്ലാ രാജ്യങ്ങളിലുമുള്ള തങ്ങളുടെ എംബസികൾ വഴി യുഎസ് ചാരപ്രവൃത്തി നടത്തിയിരുന്നു എന്നതും സഖ്യ രാജ്യങ്ങളുടെ തലവൻമാരെപ്പറ്റി തരംതാണ രീതിയിൽ നേതാക്കൾ പരാമർശങ്ങൾ നടത്തി എന്നതുമടക്കമുള്ള വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലുകൾ ഭരണകൂടത്തെ രാജ്യാന്തര തലത്തിൽ പ്രതിരോധത്തിലാക്കിയിരുന്നു. യുഎസിന് പുറമെ മറ്റു രാജ്യങ്ങളിലെ ഭരണത്തലവൻമാരുടെയും നേതാക്കളുടെയും പരാമർശങ്ങൾ പുറത്തുവരികയും ചെയ്‌തിരുന്നു.
കേബിൾ ഗേറ്റ് വിവാദം എന്നാണിത് അറിയപ്പെടുന്നത്. ഇതോടെ അസാൻജിനെ ശത്രുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനും അദ്ദേഹത്തെ പിടികൂടാനും അമേരിക്ക ശ്രമങ്ങൾ ആരംഭിച്ചു. അമേരിക്ക, ഓസ്ട്രേലിയ, ചൈന തുടങ്ങിയ നിരവധി രാജ്യങ്ങൾ വിക്കിലീക്‌സ് നിരോധിക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്‌തു.
ഇതിനിടെ, സ്വീഡനിൽ അസാൻജിനെതിരെ ലൈംഗികാരോപണം ഉയർന്നു. ഇതിന്റെ പേരിൽ അദ്ദേഹത്തെ ജയിലിലടക്കാൻ സ്വീഡൻ ശ്രമം തുടങ്ങി. അമേരിക്കയുടെ സമ്മർദ്ദഫലമായുണ്ടായ കേസാണിതെന്ന് ആരോപണങ്ങൾ ഉയർന്നു. പിന്നീട് പല രാജ്യങ്ങളിലായി അഭയം തേടിയ അസാൻജിനെ 2019 ഏപ്രിലിൽ ഇക്വഡോർ എംബസിയിൽ നിന്നാണ് ലണ്ടൻ പോലീസ് അറസ്‌റ്റ് ചെയ്‌തത്. 2012 മുതൽ അദ്ദേഹത്തിന് അഭയം നൽകിയത് ഇക്വഡോർ ആയിരുന്നു.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!






































