ന്യൂഡൽഹി: ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിൽ നിലവിൽ ഒരേയൊരു വനിത ജഡ്ജി മാത്രമേയുള്ളൂവെന്ന കാര്യം ആശങ്ക ഉണർത്തുന്നുവെന്ന് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഢ്. ഇക്കാര്യത്തിൽ ഗൗരവകരമായ ആത്‌മ പരിശോധന വേണമെന്നും അദ്ദേഹം പറഞ്ഞു. ജസ്‌റ്റിസ് ഇന്ദു മൽഹോത്രയുടെ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ പരാമർശം.
‘ജസ്‌റ്റിസ് മൽഹോത്രയുടെ വിരമിക്കലോടെ സുപ്രീം കോടതിയിൽ ഒരു വനിതാ ജഡ്ജി മാത്രമാകും. ഒരു സ്‌ഥാപനം എന്ന നിലയിൽ, ഇത് വളരെയധികം ആശങ്കാജനകമായ ഒരു വസ്‌തുതയാണ്. ഗൗരവകരമായ ആത്‌മപരിശോധന ഉടൻ സ്വീകരിക്കേണ്ടതുണ്ട്.
ഇന്ത്യക്കാരുടെ നിത്യജീവിതത്തെ രൂപപ്പെടുത്തുന്ന തീരുമാനങ്ങളെടുക്കുന്ന സ്‌ഥാപനമെന്ന നിലയിൽ കോടതികൾ നല്ല നിലയിൽ പ്രവർത്തിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ വൈവിധ്യം നീതിന്യായ വ്യവസ്‌ഥയിലും പ്രതിഫലിക്കണം. അത് കാഴ്‌ചപ്പാടുകളുടെ വൈവിധ്യം ഉറപ്പാക്കും. പൊതുസമൂഹത്തിൽ കൂടുതൽ വിശ്വാസം ഉറപ്പാക്കും; ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഢ് പറഞ്ഞു.
മാർച്ച് 13നാണ് ജസ്‌റ്റിസ് ഇന്ദു മൽഹോത്ര സുപ്രീം കോടതിയിൽ നിന്ന് വിരമിച്ചത്. ഇതോടെ, ജസ്‍റ്റിസ് ഇന്ദിര ബാനർജി സുപ്രീംകോടതി ബെഞ്ചിലെ ഏക വനിതാ അംഗമാകും.
Read also: അംബാനിക്ക് ബോംബ് ഭീഷണി; മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ







































