തിരുവനന്തപുരം: തൃപ്പൂണിത്തുറയിലെ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം എന്നാവശ്യപ്പെട്ട് സിപിഎം കോടതിയെ സമീപിച്ചതിൽ പ്രതികരിച്ച് കെ ബാബു. ബിജെപി വോട്ട് വാങ്ങിയാണ് യുഡിഎഫ് ജയിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന അവാസ്‌തവം ആണ്. യുഡിഎഫിന് വോട്ട് ചെയ്‌തവരെ അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും കെ ബാബു പ്രതികരിച്ചു.
തൃപ്പൂണിത്തുറ മണ്ഡലത്തിൽ ബിജെപി സ്‌ഥാനാർഥിക്ക് 6087 വോട്ട് കുറഞ്ഞിട്ടുണ്ട്. ഇത് യുഡിഎഫിലേക്കാണ് പോയത് എന്ന് പറയുന്നത് തെറ്റാണ്. ബിജെപിക്ക് മണ്ഡലത്തിൽ അത്രയും വോട്ടില്ല. യുഡിഎഫ് ഇതിലധികം വോട്ട് പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷിച്ച വോട്ടത്രയും കിട്ടിയിട്ടില്ലെന്നും കെ ബാബു പറഞ്ഞു.
വിശ്വാസി സമൂഹത്തെ വേദനിപ്പിച്ച നിലപാടാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്‌ഥാനാർഥി സ്വീകരിച്ചത്. എംഎൽഎ അപ്രാപ്യൻ ആയിരുന്നു എന്ന അഭിപ്രായവും നിലനിന്നിരുന്നു. ഇതാണ് സിപിഎമ്മിന് തിരിച്ചടി കിട്ടാൻ കാരണം. തിരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് സിപിഎം കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിൽ അത് കോടതിയിൽ വരുമ്പോൾ കാണാമെന്നും കെ ബാബു പറഞ്ഞു.
ശബരിമല വിഷയത്തിലെ എൽഡിഎഫ് സ്‌ഥാനാർഥിയുടെ പ്രസംഗം എല്ലാവരും കണ്ടതാണ്. അത് പുറത്ത് കൊണ്ട് വന്നത് താനല്ലെന്നും കെ ബാബു വിശദീകരിച്ചു. തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് നേതൃമാറ്റം അടിയന്തരമായിചര്‍ച്ച ചെയ്യേണ്ട വിഷയം അല്ല. തിടുക്കപ്പെട്ട് വേണോ വേണ്ടയോ എന്ന് നേതൃത്വവും ഹൈക്കമാൻഡും ചർച്ച ചെയ്‌ത് തീരുമാനിക്കട്ടെയെന്നും ബാബു പ്രതികരിച്ചു.
കെ ബാബു അയ്യപ്പന്റെ പേരിൽ വോട്ട് പിടിച്ചത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ് എന്നാരോപിച്ചാണ് സിപിഎം ഹൈക്കോടതിയെ സമീപിക്കുക. സീൽ ഇല്ലാത്തതിന്റെ പേരിൽ 1071 പോസ്‌റ്റൽ വോട്ട് അസാധുവാക്കിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരുടെ നടപടിയും സിപിഎം കോടതിയിൽ ചോദ്യം ചെയ്യും.
Read Also: കോവിഡ് തിരിച്ചടിയായി; റിലീസ് കാത്തിരിക്കുന്നത് 120ഓളം ചിത്രങ്ങൾ