കൊച്ചി: ഏറെ പ്രതീക്ഷകളോടെ പുതിയ വർഷത്തെ എതിരേറ്റ മലയാള സിനിമാലോകത്തിന് കോവിഡ് വീണ്ടും തിരിച്ചടിയാകുന്നു. കഴിഞ്ഞ വർഷം കോവിഡ് ഒന്നാം തരംഗത്തിനെ തുടർന്ന് അടച്ചിടൽ പ്രഖ്യാപിക്കുകയും, സിനിമ വ്യവസായം പൂർണമായി സ്‍തംഭിക്കുകയും ചെയ്‌തിരുന്നെങ്കിലും അതിന്റെ നഷ്‌ടം ഈ വർഷം തീർക്കാമെന്ന പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്‌ത്തുകയാണ് കോവിഡ് വീണ്ടും.
രണ്ടാം തരംഗം കൂടുതൽ ശക്‌തമായതോടെ തിയേറ്ററുകൾ അടച്ചിടുകയും, പുതിയ സിനിമകളുടെ ചിത്രീകരണം നിർത്തിവയ്‌ക്കുകയും ചെയ്‌തിരുന്നു. ഏകദേശം 120ഓളം ചിത്രങ്ങളാണ് മലയാളത്തിൽ റിലീസ് കാത്തിരിക്കുന്നത്. സൂപ്പർതാര ചിത്രങ്ങളും, യുവതാര ചിത്രങ്ങളും, നവാഗതരുടെ സിനിമകളും എന്നുവേണ്ട വലിയ മുതൽ മുടക്കുള്ള ചിത്രങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നുണ്ട്.
സിനിമ വ്യവസായം സ്‌തംഭിക്കുന്നതോടെ മറ്റേതൊരു തൊഴിൽ മേഖല എന്നത് പോലെ തന്നെ ഇവിടെയും ദിവസവേതന തൊഴിലാളികളാണ് പ്രതിസന്ധിയിലേക്ക് വീഴുന്നത്, അതിന് പുറമെ നിർമാതാക്കളും തിയേറ്റർ ഉടമകളും മറ്റ് അണിയറപ്രവർത്തകരും ഇതേ അവസ്‌ഥയിൽ തന്നെയാണ്. റിലീസ് തീരുമാനിച്ചിട്ട് മാറ്റേണ്ടി വന്ന ചിത്രങ്ങൾ അടക്കം തൊഴിലാളികളുടെ ശമ്പളം നൽകാൻ വലിയ തുക ചിലവാക്കിക്കഴിഞ്ഞു.
10 മാസം നീണ്ട അടച്ചുപൂട്ടലിന് ശേഷം ഈ വർഷം ജനുവരി 13നാണ് കേരളത്തിലെ തിയേറ്ററുകൾ വീണ്ടും പ്രദർശനം ആരംഭിച്ചത്. ഇക്കാലയളവിൽ മെല്ലെയാണെങ്കിലും മേഖല തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. എന്നാൽ ഏപ്രിൽ 25 ആവുമ്പോഴേക്കും കോവിഡ് ബാധ കൂടിയതോടെ തിയേറ്ററുകൾ വീണ്ടും അടച്ചിടേണ്ടി വന്നു. കോവിഡ് കുറഞ്ഞാൽ ഓണക്കാലത്ത് ചിത്രങ്ങൾ പ്രദർശനത്തിന് എത്തിക്കാമെന്ന പ്രതീക്ഷയിലാണ് നിർമാതാക്കളും, തിയേറ്റർ ഉടമകളും.
Read Also: രഞ്‌ജിനി ജോസ് ആലപിച്ച പെര്‍ഫ്യൂമിലെ രണ്ടാമത്തെ ഗാനം നാളെ എത്തും