കോഴിക്കോട് : തിരഞ്ഞെടുപ്പില്‍ ഉണ്ടാകുന്ന ജയപരാജയങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വമാണെന്നും, പാര്‍ട്ടിയിലെ പുനഃസംഘടനയെ പറ്റി പറയേണ്ടതെല്ലാം ഇതിനോടകം തന്നെ പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി കെ മുരളീധരന് എംപി. കൂടാതെ പാര്‍ട്ടിയില്‍ പുതിയ പദവി ഏറ്റെടുക്കാന്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം തന്നെ വരുന്ന തിരഞ്ഞെടുപ്പില്‍ വടകരക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് നടത്തിയ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
തിരഞ്ഞെടുപ്പിലെ പരാജയം മറികടക്കുന്നതിനായി പാര്‍ട്ടിക്കുള്ളില്‍ കൂട്ടായ ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും വേണമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ഗുണങ്ങളുടെയും, ദോഷങ്ങളുടെയും ഉത്തരവാദിത്വം പാര്‍ട്ടി നേതൃത്വത്തിന് തന്നെയാണ്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ തദ്ദേശീയ തിരഞ്ഞെടുപ്പില്‍ ഉണ്ടായ തോല്‍വിയെ മറികടന്ന് അടുത്ത തിരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വടകരയില്‍ ഉണ്ടായ യുഡിഎഫ് വിജയത്തിന് ആര്‍എംപിയുമായുള്ള ബന്ധം ഗുണം ചെയ്തെന്നും, എന്നാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read also : മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ മുടങ്ങി; രോഗികൾ വലയുന്നു






































