പാലക്കാട്: പിവി അൻവറിന് വേണ്ടി ഒരു യുഡിഎഫ് സ്‌ഥാനാർഥിയേയും പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിൽ മൽസരിക്കണമോ വേണ്ടയോ എന്ന് ആദ്ദേഹം തീരുമാനിക്കട്ടെ. അൻവറിന് ചേലക്കരയിലും പാലക്കാട്ടും സ്വാധീനമില്ല. വയനാട്ടിൽ വേണമെങ്കിൽ തങ്ങളെ പിന്തുണക്കാമെന്നും മുരളീധരൻ വ്യക്‌തമാക്കി.
‘സ്‌ഥാനാർഥികളെ പിൻവലിക്കണമെന്ന് അൻവറിന് കത്ത് നൽകിയിട്ടില്ല. അൻവറിനോട് യോജിപ്പും വിയോജിപ്പുമില്ല. പിവി അൻവറിന്റെ സ്വാധീന മേഖല വയനാട് മണ്ഡലമാണ്. അവിടെ നിരുപാധികം പ്രിയങ്ക ഗാന്ധിക്ക് അൻവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാടും ചേലക്കരയിലും അൻവറിന് സ്വാധീനമില്ല’- മുരളീധരൻ പറഞ്ഞു.
സ്‌ഥാനാർഥികളെ വെച്ച് വിലപേശൽ നല്ലതല്ല. ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിച്ച് ഒരു ഒത്തുതീർപ്പിനും ഇല്ല. രമ്യ ഹൈക്കമാൻഡ് പ്രഖ്യാപിച്ച സ്‌ഥാനാർഥിയാണ്. രാഷ്‌ട്രീയത്തിൽ ഒന്നും ഒന്നും രണ്ടല്ല, ഒന്നും ഒന്നും കൂടിയാൽ പൂജ്യത്തിലേക്ക് പോകാൻ സാധ്യതയുണ്ട്. അൻവറിന്റെ പിന്തുണാ ചർച്ച ഈ ഘട്ടത്തിൽ അനാവശ്യമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് പിവി അൻവർ എംഎൽഎ രംഗത്തെത്തിയിരുന്നു. അൻവറിന്റെ പാർട്ടിയുടെ സ്‌ഥാനാർഥികളെ പിൻവലിക്കാൻ യുഡിഎഫ് നേതൃത്വം അഭ്യർഥിച്ചിരുന്നുവെന്നും വ്യക്‌തമാക്കിയിരുന്നു. എന്നാൽ, ചേലക്കര മണ്ഡലത്തിൽ തന്റെ പാർട്ടി ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ (ഡിഎംകെ) സ്‌ഥാനാർഥി എൻകെ സുധീറിനെ പിന്തുണച്ചാൽ പാലക്കാട്ടെ സ്‌ഥാനാർഥിയെ പിൻവലിക്കാമെന്നാണ് അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!