പാലക്കാട്: വോട്ടെണ്ണൽ കഴിയുംവരെ ഒരു സ്‌ട്രോങ്ങ് റൂമും തുറക്കേണ്ടെന്ന കർശന നിർദ്ദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ. കോഴിക്കോടും പാലക്കാടും സ്ട്രോങ്ങ് റൂമുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെയാണ് തിരഞ്ഞെടുപ്പ് ഓഫീസറുടെ ഇടപെടൽ.
പോളിങ്ങിന് ശേഷം തിരഞ്ഞെടുപ്പ് സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സീൽ ചെയ്‌തതും അല്ലാത്തതുമായ മുറികൾ ഒരു കാരണവശാലും തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകി. വോട്ടെണ്ണൽ കഴിയുംവരെ മെറ്റീരിയൽ റൂം ഉൾപ്പടെ ഒരു മുറിയും തുറക്കാൻ പാടില്ലെന്നാണ് 14 ജില്ലാ കലക്‌ടർമാർക്കും റിട്ടേണിങ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിരിക്കുന്നത്.
ഉദ്യോഗസ്‌ഥർ കൈവശം വയ്‌ക്കേണ്ട രേഖകൾ മുറികളിൽ വെച്ച് പൂട്ടിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്‌ഥർക്കാണ്. അതിന്റെ പേരിൽ വോട്ടെണ്ണൽ ദിവസത്തിന് മുൻപ് മുറികൾ തുറക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. അത് സംശയത്തിനിടയാക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ബാധിക്കുകയും ചെയ്യും.
അങ്ങനെ ചെയ്യുന്നത് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിട്ടുണ്ട്. ഇൻഡക്‌സ് കാർഡ് തയ്യാറാക്കാനോ എൻകോർ പോർട്ടലിലെ വിവരങ്ങൾ പരിശോധിക്കാനോ മുറി തുറക്കരുതെന്നും തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ന് രാവിലെ, പാലക്കാട് നെൻമാറ മണ്ഡലത്തിൽ വിക്‌ടോറിയ കോളേജിലെ സ്‌ട്രോങ്ങ് റൂം തുറക്കാൻ ഇന്ന് തീരുമാനിച്ചെങ്കിലും പിന്നീട് ജില്ലാ കലക്‌ടർ അത് വേണ്ടെന്ന് വെച്ചിരുന്നു.
നേരത്തെ, കോഴിക്കോട് സ്‌ട്രോങ്ങ് റൂം തുറന്നത് വലിയ വിവാദമായിരുന്നു. പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂം ആണ് തുറന്നതെന്ന പരാതിയുമായി യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. ചീഫ് ഇലക്‌ടറൽ ഓഫീസർക്കാണ് യുഡിഎഫ് പരാതി നൽകിയത്. പരാതിയിൽ ജില്ലാ കലക്‌ടർ ഉടൻ വിശദീകരണം നൽകും.
പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്നിലെ ജെഡിടി ഇസ്‍ലാം കൺവെൻഷൻ സെന്ററിലെ സ്ട്രോങ്ങ് റൂമുകൾ അനുമതിയില്ലാതെ തുറന്നെന്നാണ് യുഡിഎഫിന്റെ പരാതി. എന്നാൽ, തുറന്നത് സ്‌ട്രോങ്ങ് റൂമല്ല, റിസർവ് റൂമാണെന്ന വിശദീകരണം വന്നെങ്കിലും നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്‌ചയുണ്ടായെന്ന ആരോപണത്തിന് ബലമേറുകയാണ്.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം








































