കോട്ടയം: ചങ്ങനാശേരി മാടപ്പള്ളിയില്‍ കെ റെയില്‍ കല്ലിടലിന് എതിരെ നടന്ന സമരത്തില്‍ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയതിന് 150 പേര്‍ക്കെതിരെ കേസെടുത്തു. സമരത്തിനിടെ തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥ ദിവ്യ മോളുടെ കണ്ണില്‍ മണ്ണെണ്ണ വീണ് കാഴ്‌ചക്ക് തകരാറു പറ്റിയിരുന്നു. ഇതേതുടർന്നാണ് പോലീസ് കേസെടുത്തത്.
കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറയുന്നു. ബലപ്രയോഗത്തിനിരയായ റോസ്‍ലിന്‍ ഫിലിപ്പിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം ഇന്നു മുതല്‍ കോട്ടയം ജില്ലയില്‍ കല്ലിടലും സര്‍വേയും പുനഃരാരംഭിക്കും എന്നാണ് വിവരം. ചങ്ങനാശേരി മാടപ്പള്ളിയില്‍ കെ റെയില്‍ സര്‍വേ കല്ലിടാനെത്തിയ പോലീസ് സംഘവും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷം വലിയ വിവാദമായിരുന്നു.
സ്‌ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ക്ക് നേരെ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപോയിരുന്നു. കൂടാതെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍ എന്നിവര്‍ മാടപ്പള്ളിയിലെത്തി പ്രതിഷേധക്കാരെ കണ്ട് പിന്തുണ അറിയിക്കുകയും ചെയ്‌തിരുന്നു.
പ്രദേശത്ത് സ്‌ഥാപിച്ചിരുന്ന സര്‍വേ കല്ലുകള്‍ പിഴുത് മാറ്റിയവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കുട്ടികളെ സമരത്തില്‍ പങ്കെടുപ്പിച്ചതിനാണ് റോസ്‍ലിന്‍ ഫിലിപ്പിന് നേരെ കേസെടുത്തത്. ഇതിന് പിന്നാലെയാണ് സമരത്തില്‍ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയതിന് കണ്ടലാലറിയാവുന്ന 150 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Most Read: ഡീസല്‍ വില വര്‍ധന; കെഎസ്ആര്‍ടിസി ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും