തൃശൂർ: കെ. സച്ചിദാനന്ദൻ അധ്യക്ഷനായ സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി നീട്ടി സർക്കാർ. സംസ്ഥാനത്ത് തുടർഭരണം വേണ്ടെന്ന സച്ചിദാനന്ദന്റെ പ്രസ്താവന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ സിപിഎമ്മിനെയും സർക്കാരിനെയും കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു.
സച്ചിദാനന്ദന്റെ വിമർശനത്തിന് പിന്നാലെ അനുനയ നീക്കവുമായി സിപിഎം രംഗത്തെത്തിയിരുന്നു. തൽക്കാലം സച്ചിദാനന്ദനെ പിണക്കാതെ മുന്നോട്ടുപോകാം എന്ന നിലപാടിലാണ് ഭരണസമിതിയുടെ കാലാവധി മേയ് 31 വരെ നീട്ടിയിരിക്കുന്നത്. ഇപ്പോൾ ഭരണസമിതിയെ മാറ്റിയാൽ സർക്കാരിനെ വിമർശിച്ചതിന്റെ പ്രതികാരമായി വിലയിരുത്തപ്പെടാം എന്ന ആശങ്കയും തീരുമാനത്തിന് പിന്നിലുണ്ട്.
2022ൽ ചുമതലയേറ്റ സമിതിയുടെ കാലാവധി മാർച്ചിൽ അവസാനിക്കേണ്ടതായിരുന്നു. അധികാരം പാർട്ടിയെ നശിപ്പിക്കുമെന്നും തുടർച്ചയായ ഭരണമല്ല, മാറിമറിയുള്ള ഭരണമാണ് വേണ്ടതെന്നുമായിരുന്നു കെ. സച്ചിദാനന്ദന്റെ വിമർശനം. സ്വാർഥരായ ആളുകൾ അധികാരം കൈകാര്യം ചെയ്തു. അധികാരം പാർട്ടിയെ നശിപ്പിച്ചതിന്റെ വലിയ ഉദാഹരണമാണ് ബംഗാളെന്നുമാണ് സച്ചിദാനന്ദൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
പിണറായിയെ മൂന്നാമതും അധികാരത്തിലേറ്റാൻ സിപിഎം നീക്കം നടത്തുമ്പോൾ കമ്യൂണിസ്റ്റ് സഹയാത്രികനായ എഴുത്തുകാരന്റെ പ്രസ്താവന വിവാദമായി മാറുകയായിരുന്നു. ഇതിനിടെ, സർക്കാരിനെ വിമർശിച്ച കെ. സച്ചിദാനന്ദനെ മാറ്റാത്ത സർക്കാർ, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കിയതിൽ കടുത്ത വിമർശനവുമായി നടൻ പ്രേംകുമാർ രംഗത്തെത്തിയിരുന്നു.
അതേസമയം, പ്രേംകുമാർ കോൺഗ്രസിൽ ചേരുമെന്നും കഴക്കൂട്ടത്ത് മൽസരിച്ചേക്കുമെന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. സച്ചിദാനന്ദൻ അധ്യക്ഷനായ നിർവാഹക സമിതിയിൽ അശോകൻ ചരുവിൽ, സിപി. അബൂബക്കർ, തൃശൂർ ജില്ലാ കലക്ടർ, കൾച്ചറൽ ഡയറക്ടർ, സാംസ്കാരിക വകുപ്പ് സെക്രട്ടറി, വിജയലക്ഷ്മി, കെപി. രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണൻ, സുനിൽ പി ഇളയിടം, വിഎസ്. ബിന്ദു, എംകെ. മനോഹരൻ എന്നിവരാണ് അംഗങ്ങൾ.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല





































