ന്യൂഡെൽഹി: കാളീ ദേവി സിഗരറ്റ് വലിക്കുന്നതായി കാണിച്ച് പുറത്തുവന്ന സിനിമാ പോസ്റ്റർ വിവാദമായ സംഭവത്തിൽ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. “കാളി എന്നെ സംബന്ധിച്ചിടത്തോളം മാംസം കഴിക്കുന്ന, മദ്യം സ്വീകരിക്കുന്ന ദേവതയാണ്. നിങ്ങളുടെ ദേവതയെ സങ്കൽപ്പിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. ചില സ്ഥലങ്ങളിൽ ദൈവങ്ങൾക്ക് വിസ്കി അർപ്പിക്കുന്നു, മറ്റ് ചില സ്ഥലങ്ങളിൽ അത് ദൈവനിന്ദയാണ്,”- ഇന്ത്യാ ടുഡേ കോൺക്ളേവ് ഈസ്റ്റിൽ സംസാരിക്കവെ മഹുവ മൊയ്ത്ര പറഞ്ഞു.
അതേസമയം, സിനിമാ പോസ്റ്ററിൽ കാളീ ദേവിയെ അപമാനിച്ചെന്ന് ആരോപിച്ച് ഡോക്യുമെന്ററി സംവിധായിക ലീന മണിമേഖലക്ക് എതിരെ യുപി പോലീസ് കേസെടുത്തു. കാനഡയിൽ പ്രദർശിപ്പിക്കുന്ന കാളി സിനിമയുടെ പോസ്റ്റർ നേരത്തെ വിവാദമായിരുന്നു. ക്രിമിനൽ ഗൂഢാലോചന, ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ ശ്രമിക്കുക, മത വികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുപി പോലീസ് കേസെടുത്തിരിക്കുന്നത്.
തമിഴ്നാട്ടിലെ മധുര സ്വദേശിയാണ് ലീന മണിമേഖല. ഇവരുടെ പുതിയ ഡോക്യുമെന്ററിയുടെ പോസ്റ്ററില് കാളീദേവിയെ പോലെ വസ്ത്രധാരണം ചെയ്ത സ്ത്രീ പുകവലിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. പശ്ചാത്തലത്തിൽ എൽജിബിടി സമൂഹത്തിന്റെ ഫ്ളാഗും കാണാം. ഇതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. കാളീദേവിയെ അപമാനിച്ചു എന്നാരോപിച്ച് മണിമേഖലക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
തന്റെ പുതിയ ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞദിവസം ലീന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് വിവാദം തുടങ്ങിയത്. പ്രതിഷേധങ്ങളിൽ പ്രതികരണവുമായി സംവിധായിക രംഗത്ത് വരികയും ചെയ്തു. “എനിക്ക് നഷ്ടപ്പെടാനൊന്നുമില്ല. ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്നവർക്കൊപ്പം നിൽക്കാനാണ് ഇഷ്ടം. അതിന്റെ വില എന്റെ ജീവനാണെങ്കിൽ അത് നൽകാം,”- എന്നായിരുന്നു ലീനയുടെ പ്രതികരണ ട്വീറ്റ്.
Most Read: മരണക്കിടക്കയിൽ അച്ഛന്റെ അവസാനത്തെ ആഗ്രഹം; മദ്യം സിറിഞ്ചിലാക്കി നൽകി മകൾ









































