ചെന്നൈ: കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 57 ആയി ഉയർന്നു. സേലത്തും കള്ളക്കുറിച്ചിയിലും ഗുരുതരാവസ്‌ഥയിൽ ചികിൽസയിൽ ആയിരുന്ന രണ്ടുപേർ കൂടി ഇന്ന് രാവിലെ മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സ്‌റ്റാലിൻ സർക്കാർ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ദിവസേന മരിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന ആരോഗ്യവകുപ്പിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
അതിനിടെ, ദുരന്തത്തിന് കാരണമായത് പഴകിയ മെഥനോളാണെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്ന പഴകിയ മെഥനോൾ ആന്ധ്രയിൽ നിന്നും മദ്യവാറ്റ് സംഘം എത്തിക്കുകയായിരുന്നുവെന്നാണ് നിഗമനം. വ്യാജമദ്യം വാറ്റിയിരുന്ന വെള്ളിമലയിലെ അനധികൃത കേന്ദ്രത്തിൽ നിന്ന് മുൻപ് പോലീസ് റെയ്‌ഡ് നടത്തി മദ്യനിർമാണത്തിന് ഉപയോഗിക്കുന്ന വസ്‌തുക്കൾ പിടികൂടിയിരുന്നു.
ഇതോടെ വ്യാജവാറ്റ് നിലച്ചു. തുടർന്നാണ് വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്ന പഴകിയ മെഥനോൾ ആന്ധ്രയിൽ നിന്ന് കള്ളക്കുറിച്ചിയിൽ എത്തിച്ചത്. മനുഷ്യ ശരീരത്തിന് ഹാനികരമായ രാസവസ്‌തുവാണ് മെഥനോൾ എന്ന മീതൈൽ ആൽക്കഹോൾ. സംഭവത്തിലെ മുഖ്യപ്രതി അറസ്‌റ്റിലാണ്. വ്യാജമദ്യം നിർമിച്ച ചിന്നദുരൈയെ കടലൂരിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വ്യാജമദ്യവുമായി ബന്ധപ്പെട്ട എഴുപതോളം കേസുകളിലെ പ്രതിയാണ് ഇയാളെന്നാണ് പോലീസ് പറയുന്നത്.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്