വയനാട്: ഏറെ കോളിളക്കം സൃഷ്ടിച്ച കണ്ടത്തുവയൽ ഇരട്ടകൊലപാതക കേസിൽ പ്രതി വിശ്വനാഥൻ കുറ്റക്കാരനാണെന്ന് കോടതി. ശിക്ഷ തിങ്കളാഴ്ച വിധിക്കും. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി ജഡ്ജി വി ഹാരിസാണ് വിധി പ്രസ്താവിച്ചത്. കേസിൽ കുറ്റപത്രം സമർപ്പിച്ച് 2020 നവംബറിലാണ് ജില്ലാ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങിയത്. കേസിൽ 72 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ 42 പേരെയാണ് വിസ്താരത്തിനായി തിരഞ്ഞെടുത്തത്.
2018 ജൂലൈ ആറിനായിരുന്നു നാടിനെ നടുക്കിയ കണ്ടത്തുവയൽ ഇരട്ടകൊലപാതകം നടന്നത്. കണ്ടത്തുവയൽ പൂരിഞ്ഞിയിൽ വാഴയിൽ ഉമ്മർ (26), ഭാര്യ ഫാത്തിമ (19) എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. ആദ്യഘട്ടത്തിൽ തുമ്പൊന്നുമില്ലായിരുന്ന കൊലപാതക കേസ് അന്നത്തെ മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യയുടെ നേതൃത്വത്തിലാണ് അന്വേഷിച്ചത്. രണ്ട് മാസത്തെ അന്വേഷണത്തിന് ഒടുവിലാണ് സെപ്റ്റംബറിൽ കോഴിക്കോട് തൊട്ടിൽപ്പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയിൽ വിശ്വനാഥനെ പോലീസ് അറസ്റ്റ് ചെയ്തത്.
മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് വിശ്വനാഥൻ ദമ്പതികളെ അടിച്ചുകൊന്നത്. വീട്ടിൽ കയറിയ വിശ്വനാഥൻ ഉറങ്ങി കിടക്കുകയായിരുന്ന ഫാത്തിമയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു. ശബ്ദം കേട്ടുണർന്ന ദമ്പതികളെ കൈയിൽ കരുതിയിരുന്ന കമ്പിവടിക്കൊണ്ട് അടിച്ചു. മരണം ഉറപ്പാക്കിയ ശേഷം ഫാത്തിമയുടെ ശരീരത്തിൽ ഉണ്ടായിരുന്ന ആഭരണങ്ങളും എടുത്ത് വീട്ടിലും പരിസരങ്ങളിലും മുളകുപൊടി വിതറി വിശ്വനാഥൻ രക്ഷപെടുകയാണുണ്ടായത്.
Most Read: ഇന്ത്യയെ ലക്ഷ്യമിട്ട് ദാവൂദ് ഇബ്രാഹിം, രാഷ്ട്രീയ നേതാക്കളും വ്യവസായികളും ഹിറ്റ് ലിസ്റ്റിൽ; എൻഐഎ