ന്യൂഡെൽഹി: രാജി സ്വീകരിക്കാത്ത പശ്‌ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ തുറന്നടിച്ച് മുൻ മലയാളി ഐപിഎസ് ഉദ്യോഗസ്‌ഥനും കോൺഗ്രസ് നേതാവുമായ കണ്ണൻ ഗോപിനാഥൻ. ഇക്കാരണത്താൽ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് തടസമായെന്നും അദ്ദേഹം സാമൂഹിക മാദ്ധ്യമങ്ങളിൽ കുറിച്ചു.
പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് കണ്ണനെ പരിഗണിച്ചിരുന്നെങ്കിലും രാജി സ്വീകരിക്കാത്തതിനാൽ മൽസരിക്കാനായില്ല. 2019ൽ കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെയാണ് അഭിപ്രായ സ്വാതന്ത്ര്യ വിലക്ക് ചൂണ്ടിക്കാട്ടി കണ്ണൻ രാജിക്കത്ത് നൽകിയത്.
രാജി നൽകുമ്പോൾ ദാദ്ര- നഗർ ഹവേലിയിൽ ഊർജ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ഒക്‌ടോബറിലാണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. രാജി കേന്ദ്രം അംഗീകരിക്കാത്തതിനാൽ പ്രഫഷണലി തനിക്ക് മുന്നോട്ടുപോകാൻ കഴിയുന്നില്ലെന്നും ഇത് പീഡനമാണെന്നും കണ്ണൻ പറഞ്ഞു.
സിവിൽ സർവീസിൽ നിന്ന് രാജിവെച്ചിട്ട് ആറുവർഷമായി. ഇതിന് ശേഷം പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിലടക്കം കണ്ണൻ സജീവ സാന്നിധ്യമായിരുന്നു. ഇതിന്റെ പേരിൽ പലയിടത്തും പോലീസ് നടപടിയും നേരിട്ടു. ജോലിയിൽ തിരികെ പ്രവേശിക്കാൻ ആവശ്യപ്പെട്ടുള്ള കേന്ദ്ര ഉത്തരവ് നിരസിച്ചതിനും കേസുണ്ട്.
സർവീസിലിരിക്കെ കേരളത്തിൽ പ്രളയ കാലത്ത് നടത്തിയ സേവനം മുൻനിർത്തിയും കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്. അന്നത്തെ ദാദ്ര നഗർ ഹവേലി അഡ്‌മിനിസ്‌ട്രേറ്ററും ഗുജറാത്തിൽ നരേന്ദ്രമോദി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയുമായിരുന്ന പ്രഫുൽ ഘോഡാഭായ് പട്ടേലുമായുള്ള അഭിപ്രായ വ്യത്യാസവും രാജിയിലേക്ക് നയിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ




































