അർണബിന് ജാമ്യം; എപ്പോഴാണ് ഇന്ത്യൻ ജുഡീഷ്യറി സ്വന്തം കാലിൽ നിൽക്കുക, പ്രിയങ്കഗാന്ധി

By Desk Reporter, Malabar News
Priyanka Gandhi _Malabar News
Picture courtesy: PTI
Ajwa Travels

ഡെൽഹി: പ്രിയങ്കാ ഗാന്ധി തന്റെ സാമൂഹിക മാദ്ധ്യമത്തിലൂടെ ഇന്ത്യൻ ജുഡീഷ്യറിയോട് ചോദിക്കുന്നു; എപ്പോഴാണ് ഇന്ത്യൻ ജുഡീഷ്യറി സ്വന്തം കാലിൽ നിൽക്കുക എന്ന്.

ആർക്കിടെക്റ്റ് ആൻവി നായിക് ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അറസ്‌റ്റ് ചെയ്യപ്പെട്ട് ജയിലായിരുന്ന റിപ്പബ്ലിക്‌ ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചപ്പോൾ സുപ്രീംകോടതി എടുത്തു പറഞ്ഞ വ്യക്‌തി സ്വാതന്ത്ര്യം എന്ന വിഷയത്തിൽ ഊന്നിയാണ് പ്രിയങ്കാ ഗാന്ധിയുടെ സാമൂഹിക മാദ്ധ്യമ പോസ്‌റ്റ്.

ആത്‌മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്‌റ്റിലായ, ഭരണകൂടത്തോട് വളരെ അടുത്ത് നിൽക്കുന്ന ഒരു പത്രപ്രവർത്തകന് സുപ്രീംകോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. ജാമ്യം അനുവദിക്കവേ, ഭരണഘടനപ്രകാരം പൗരനുള്ള അവകാശങ്ങളെ കുറിച്ച് ഉന്നത നീതിപീഠം എടുത്തു പറയുകയും ചെയ്‌തു. എന്നാൽ, ഇന്ത്യയിലെ ഭരണ കക്ഷിക്കെതിരെ സംസാരിച്ചതിന് വേണ്ടി മാത്രം ജയിലിൽ കഴിയുന്ന മറ്റ് പത്രപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, വിദ്യാർഥികൾ എന്നിവരെ നോക്കുമ്പോൾ, ആ പരാമർശങ്ങൾ പമ്പര വിഢ്ഢിത്തമാണെന്ന് തോന്നുന്നു. എപ്പോഴാണ് ഇന്ത്യൻ ജുഡീഷ്യറി സ്വന്തം കാലിൽ നിൽക്കുകയും ഈ സാധാരണ പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നത്?.

Priyanka Facebook Post _Malabar News
പ്രിയങ്ക ഗാന്ധിയുടെ ഫേസ്ബുക് പോസ്‌റ്റിന്റെ സ്‌ക്രീൻഷോട്ട്

പ്രിയങ്കാഗാന്ധി കുറിച്ച ഇംഗ്ളീഷ് വരികളുടെ ഏകദേശ പരിഭാഷ ഇതാണ്, ശേഷം അവർ ഭീമ കൊറേഗാവ് വാര്‍ഷിക പരിപാടിക്കിടെ അക്രമത്തിന് പ്രേരിപ്പിച്ചു എന്നാരോപിച്ച് അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖ, ഡെല്‍ഹിയില്‍ നടന്ന കലാപത്തിന് പ്രേരണനൽകി എന്ന കുറ്റം ചാർത്തി അറസ്‌റ്റ് ചെയ്യുകയും ഇപ്പോൾ ജയിലിൽ ഏകാന്ത തടവ് അനുഭവിക്കുകയും ചെയ്യുന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല മുന്‍ വിദ്യാർഥിയും മനുഷ്യാവാകാശ പ്രവര്‍ത്തകനുമായ ഉമര്‍ ഖാലിദ്,

മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് അറസ്‌റ്റ് ചെയ്യുകയും ഇപ്പോഴും ജയിലിൽ കഴിയുകയും ചെയ്യുന്ന 83 വയസുള്ള, പാര്‍ക്കിന്‍സണ്‍ രോഗം കാരണം ഒരു ഗ്ളാസ്‌ വെള്ളം പോലും പിടിക്കാൻ ശേഷിയില്ലാത്ത മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്‌റ്റാൻ സ്വാമി, മാവോവാദികളുമായി ബന്ധമുണ്ടെന്നും സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ച് അറസ്‌റ്റ് ചെയ്‌ത്‌ ജയിലിലാക്കിയ സാമൂഹിക പ്രവർത്തകനും അക്കാദമിക് പണ്ഡിതനുമായ ആനന്ദ് തെല്‍തുംബെ,

ഹത്രസിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ നേരിട്ട് കണ്ടു വാർത്ത നൽകാനായി യാത്ര പുറപ്പെട്ട, ഇപ്പോഴും വ്യക്‌തതയില്ലാതെ, അഭിഭാഷകന് കാണാൻ പോലും അനുവദിക്കാതെ ജയിലിൽ കഴിയുന്ന മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ, മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിലാക്കിയ സാമൂഹിക പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനും പ്രശസ്‌ത കവിയുമായ 81കാരൻ വരവര റാവു,

വിദ്യാര്‍ഥികളെ മാവോയിസ്‌റ്റ് പ്രവര്‍ത്തനങ്ങളിലേക്ക് വഴി തിരിച്ചുവിടുന്നതിലൂടെ രാജ്യത്തിന്റെ പരമാധികാരത്തേയും ഐക്യത്തേയും തകര്‍ക്കുന്ന രീതിയിലുള്ള ഗൂഢാലോചന നടത്തി എന്നാരോപിച്ച് അറസ്‌റ്റ് ചെയ്‌ത്‌ ജയിലിലാക്കിയ സാമൂഹിക പ്രവർത്തകൻ വെര്‍ണന്‍ ഗോണ്‍സാല്‍വസ്,

2017 ഡിസംബര്‍ 31ന് ഭീമ കൊറേഗാവ് 200ആം വാര്‍ഷികഘോഷങ്ങള്‍ നടക്കുന്നതിനിടയിൽ ദളിത് സംഘടനകളും ഹിന്ദുത്വ അനുഭാവികളും തമ്മില്‍ ഏറ്റുമുട്ടി. ഇതിൽ രാഹുല്‍ ഫതാംഗ്‍ലേ എന്ന 28 വയസുകാരന്‍ കൊല്ലപ്പെട്ടു. ഏതാണ്ട് 20 വാഹനങ്ങളോളം തകര്‍ക്കപ്പെടാനും കാരണമായി. ഈ കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിലാക്കിയ മനുഷ്യാവകാശ പ്രവർത്തകയും എഴുത്തുകാരിയുമായ സുധ ഭരദ്വാജ് എന്നിവരുടെ പേരുകളും ഒപ്പം ഫോട്ടോയും തന്റെ വരികൾക്കൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട് പ്രിയങ്ക ഗാന്ധി.

Most Read: ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളെ നിയന്ത്രിക്കൽ; രാഷ്‌ട്രപതി ഒപ്പിട്ട ഉത്തരവ് കേന്ദ്രം പുറത്തിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE