ജേർണലിസ്‌റ്റ് സിദ്ദീഖ് കാപ്പൻ; യോഗി സർക്കാറിന്റെ ‘ഭയം’ ഉൽപ്പാദിപ്പിക്കാനുള്ള ഇന്ധനമോ?  

By Esahaque Eswaramangalam, Chief Editor
  • Follow author on
Journalist Siddique Kappan_Malabar News

അടിസ്‌ഥാന മനുഷ്യാവകാശങ്ങളും ഭരണഘടന ഉറപ്പു തരുന്ന മൗലീകാവകാശങ്ങളും നഗ്‌നമായി ലംഘിച്ചുകൊണ്ട് യുപി പോലീസ്, ഒക്‌ടോബർ 05ന് കസ്‌റ്റഡിയിലെടുത്ത സിദ്ദീഖ് കാപ്പൻ, ‘സൃഷ്‌ടിക്കപ്പെടുന്ന’ ഒരു ഇരയാണെന്ന് സംശയിക്കാൻ കാരണമാകുന്ന നിയമലംഘനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.

മുഴുവൻ സമയ പത്രപ്രവർത്തകനും പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ അംഗത്വവുമുള്ള കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡെൽഹി ഘടകം സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പനെ, തന്റെ തൊഴിൽ നിർവഹിക്കാനുള്ള യാത്രക്കിടയിലാണ് അറസ്‌റ്റ്‌ ചെയ്യുന്നതും ജയിലിലാക്കുന്നതും.

ഡെൽഹിയിൽ നിന്നുള്ള ജേർണലിസ്‌റ്റും പത്രപ്രവർത്തക യൂണിയന്റെ ഡെൽഹി ഘടകം മുൻ സെക്രട്ടറിയുമായ പികെ മണികൺഠൻ പറയുന്നു; എൽ.ടി.ടി.ഇ.യും ശ്രീലങ്കൻ സേനയും തമ്മിലുള്ള യുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന 1984ൽ എൽ.ടി.ടി.ഇ. തലവൻ വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ അനിതാപ്രതാപും വീരപ്പനെ അദ്ദേഹത്തിന്റെ താവളത്തിൽ ചെന്ന് പലവട്ടം അഭിമുഖം നടത്തിയ നക്കീരൻ ഗോപാലനും ഉൾപ്പെടുന്ന അനേകമനേകം നിർഭയ മാദ്ധ്യമപ്രവർത്തകർ ഉണ്ടായിരുന്ന ഇന്ത്യയിലിന്ന് അത്തരമൊരു കാര്യം സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത അവസ്‌ഥ എത്തിക്കഴിഞ്ഞു.

മേൽജാതി ക്രൂരതകളും ഭരണകൂട ഭീകരതയും അനീതിയും നീതി നിയമപാലകരുടെ അഴിമതികളും എഴുതാൻ ഭയക്കേണ്ട അവസ്‌ഥ നിലവിലുണ്ട്. അതാരും ‘ഉറക്കെ’ പറയുന്നില്ല എന്ന് മാത്രം. നിർഭയ മാദ്ധ്യമ പ്രവർത്തനം നടത്തുന്ന ആരാണെങ്കിലും അവർക്ക് ചുറ്റും നിഴലായി ഭരണകൂട ഭീകരതയുടെ കുരുക്കുകൾ ഉണ്ട് എന്നതാണ് യാഥാർഥ്യം.

ഒന്നുകിൽ ഭരണകൂടത്തിന് ഓശാന പാടുന്ന, ആ തണലിൽ ജീവിക്കുന്ന പിആർ എഴുത്തുകാരനാകാം. അതല്ലങ്കിൽ, ഒരു ബാലൻസിംഗ് റിപ്പോർട്ടർ ആകാം. അതുമല്ലങ്കിൽ രാഷ്‌ട്രീയ-മത-ജാതി സംവിധാനങ്ങൾക്ക് വേണ്ടിയുള്ള, പരിമിതികളാൽ വിലങ്ങിട്ട കൂലി എഴുത്തുകാരനാകാം അതിനപ്പുറം അന്വേഷണാത്‌മക പത്രപ്രവർത്തനവും ഭരണഘടനയെ സംരക്ഷിക്കുന്ന, മനുഷ്യാവകാശ ലംഘനങ്ങൾ വിളിച്ചു പറഞ്ഞു ജനതയെ ഒരുമിപ്പിക്കുന്ന, തിരുത്തലുകൾക്ക് വേണ്ടി നിലകൊള്ളുന്ന ഒരു പത്രപ്രവർത്തകന് ഇന്നത്തെ ഇന്ത്യയിൽ പിടിച്ചു നിൽക്കൽ അസാധ്യമാണ് എന്നതാണ് യാഥാർഥ്യം. എവിടെ നിന്ന്, ഏതു രീതിയിലുള്ള കുരുക്കാണ് വരിക എന്ന് പറയൽ അസാധ്യമാണ്.

റഫറൻസിനായി കയ്യിൽ കരുതുന്ന പുസ്‌തകമോ, ഏതെങ്കിലും സംഘടനകളുടെ നോട്ടീസുകളോ, യാത്ര ചെയ്‌ത വാഹനത്തിൽ ഉണ്ടായിരുന്ന ആളുകളുടെ പേരിലോ, ജോലി ചെയ്‌ത സ്‌ഥാപനത്തിന്റെ രാഷ്‌ട്രീയമോ എന്തുമാകാം “ഭീകരവിരുദ്ധ” നിയമം ചാർത്തി അറസ്‌റ്റ് ചെയ്യാനുള്ള കാരണം. എങ്ങിനെയും എവിടെ നിന്നും കുരുക്ക് വീണേക്കും. സമൂഹത്തിന് മുന്നിൽ ഭീകരകുറ്റവാളിയായി അവതരിപ്പിക്കാനുള്ള എല്ലാ ലിങ്കുകളും അറസ്‌റ്റിന്‌ മുൻപോ ശേഷമോ സൃഷ്‌ടിച്ചിരിക്കും. ഇത്തരത്തിൽ ഭയം ഉൽപാദിപ്പിക്കാനുള്ള ഭരണകൂട ഭീകരതയുടെ ഇരകളിൽ ഒരാളാണോ ‘സിദ്ദീഖ് കാപ്പൻ’. എങ്കിൽ ഇതൊരു അവസാനമല്ല.

Must Read: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്

ഭയം നിരന്തരം നില നിറുത്തിയാണ് ഭരണകൂട ഭീകരതകളും അഴിമതികളും മുന്നോട്ടു കൊണ്ടുപോകേണ്ടത്. അവിടെ ചോദ്യം ചെയ്യുന്ന, പൊരുതാനിറങ്ങുന്ന തൂലികകൾ എല്ലാകാലത്തും മാർഗ്ഗതടസമാണ്. അത് മാത്രമാണ് മാർഗ്ഗ തടസം. അത് കൊണ്ട് തന്നെ, ഭയം നിലനിറുത്തി ഭരിക്കാൻ ഇടക്കിടക്ക് ചെറിയ ചെറിയ ഡോസുകളായി ഇത്തരം ഇരകൾ സൃഷ്‌ടിക്കപ്പെടും, മാദ്ധ്യമ സമൂഹം ഇത് തിരിച്ചറിയണം. മണികൺഠൻ പറഞ്ഞു നിറുത്തി.

സിദ്ദീഖ് കാപ്പൻ അറസ്‌റ്റിലായി ഇന്നത്തേക്ക് 14 ദിവസം പിന്നിടുന്നു. ഈ നിമിഷംവരെ ഇദ്ദേഹത്തെ കാണാനോ സംസാരിക്കാനോ വക്കീലിനെ പോലും അനുവദിച്ചിട്ടില്ല. ഇദ്ദേഹം ചെയ്‌ത കുറ്റമെന്താണ് എന്നതിന് വ്യക്‌തമായ യാതൊരു ധാരണയും പോലീസ് നൽകുന്നുമില്ല. ‘ഞാൻ ഇന്ത്യയുടെ മകളല്ലേ’ എന്ന തലക്കെട്ടിലുള്ള ഒരു നോട്ടീസ് ഇദ്ദേഹത്തിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്. മറ്റെന്തെങ്കിലും പിടിച്ചെടുത്തതായി പോലീസ് പറയുന്നുമില്ല.

അറസ്‌റ്റ്‌ ചെയ്യാനുണ്ടായ സാഹചര്യം

ഉത്തർപ്രദേശിലെ ഒരു ചെറു പട്ടണമായ ഹത്രസിൽ നിന്ന് ദൂരെയുള്ള ഒരു ഗ്രാമത്തിൽ 2020 സെപ്റ്റംബർ 14ന് ഒരു പൺകുട്ടി കൂട്ട ബലാൽസംഗത്തിന് ഇരയാകുന്നു. സന്ദിപ്, രാമു, ലവകുശ, രവി എന്നീ നാല് യുവാക്കൾ 19 വയസ്സുള്ള ഒരു ദളിത് പെണ്‍കുട്ടിയെയാണ് ക്രൂരമായ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയത്. ദരിദ്ര കുടുംബമായ കുട്ടിയുടെ കുടുംബാംഗങ്ങൾ വിഷയം പോലീസിൽ അറിയിച്ചെങ്കിലും കേസെടുക്കാൻ അവർ തയ്യാറായില്ല. തുടർന്ന്, സമൂഹം ഈ ക്രൂരതക്കെതിരെ രംഗത്ത് വരികയും ആറു ദിവസങ്ങൾക്ക് ശേഷം 2020 സെപ്റ്റംബർ 20ന് പോലീസ് കേസെടുക്കുകയും ചെയ്‌തു. മൃഗീയമായ ശാരീരിക ക്ഷതങ്ങൾ സംഭവിച്ചിരുന്ന പെൺകുട്ടി രണ്ടാഴ്‌ച്ചയോളം ആശുപത്രിയിൽ ജീവിക്കാനായി പൊരുതുകയും 2020 സെപ്റ്റംബർ 29ന് മരണത്തിന് കീഴടങ്ങുകയും ചെയ്‌തു.

ആശുപത്രി നടപടികൾക്ക് ശേഷം വിട്ടുകിട്ടിയ മൃതശരീരം കുടുംബാംഗങ്ങളെ വീട്ടു തടങ്കലിലാക്കിയ ശേഷം മറ്റാരുടെയോ നിർദ്ദേശത്തിന് വഴങ്ങി പോലീസ്, വീടിന് സമീപത്തെ ഒരൊഴിഞ്ഞ സ്‌ഥലത്തിട്ട് കത്തിച്ചു കളഞ്ഞു. അന്തർദേശീയ തലത്തിൽ പോലും ചർച്ച ചെയ്യപ്പെട്ട ഈ കേസ്, അഴിമുഖം വെബ് പോർട്ടലിന് വേണ്ടി നേരിട്ട് റിപ്പോർട്ട് ചെയ്യാനായി ഒക്‌ടോബർ 05ന് തിങ്കളാഴ്‌ച ഉത്തർപ്രദേശിലെ ഹത്രസിലേക്ക് സിദ്ദീഖ് പുറപ്പെട്ടു.

Related Read: മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വിട്ടുകിട്ടാനുള്ള കേസ് സുപ്രീം കോടതി 12ന് പരിഗണിക്കും

സാമ്പത്തികമായി നിരവധി ക്ളേശങ്ങൾ അനുഭവിക്കുന്ന സിദ്ദീഖ് കാപ്പന് സ്വന്തമായി വാഹനമില്ല. അതുകൊണ്ട് തന്നെ, ഇദ്ദേഹം ഹത്രസിലേക്ക് പോകുന്ന മൂന്നു പേരോടൊപ്പമാണ് സഹയാത്രികനായി ചേരുന്നത് എന്നാണ് മാനസിലാക്കാൻ കഴിയുന്നത്. സിദ്ദീഖ് സഞ്ചരിച്ചിരുന്ന വാഹനത്തിൽ അതീഖുര്‍ റസ്‌മാൻ, മസൂദ് അഹമദ്‌, ആലം എന്നിവരാണ് ഉള്ളത്. ഇവരെ മുൻപരിചയം ഉണ്ടോ ? ഇല്ലയോ എന്നതിന് ഇപ്പോഴും വ്യക്‌തതയില്ല. ഇത്തരം കാര്യങ്ങൾ അറിയണമെങ്കിൽ സിദ്ദീഖിനെ നേരിട്ട് കാണാൻ സാധിക്കണം. അത് ഇത് വരെ പോലീസ് അനുവദിച്ചിട്ടില്ല.

ഹത്രസിലേക്കുള്ള ഇവരുടെ യാത്രാ വഴിയിലെ മധുര (ഉത്തർപ്രദേശിലെ) എന്ന സ്‌ഥലത്ത്‌ വച്ച് ഒക്‌ടോബർ 05 തിങ്കളാഴ്‌ച്ച ഇവരെ പൊലീസ് കസ്‌റ്റഡിയിലെടുക്കുന്നു. യാത്രയിൽ കൂടെ ഉണ്ടായിരുന്ന, പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകരെന്ന് പോലീസ് വ്യാഖ്യാനിക്കുന്ന അതീഖുര്‍ റസ്‌മാൻ, മസൂദ് അഹമദ്‌, ആലം എന്നിവരെയും കസ്‌റ്റഡിയിൽ എടുത്തു.

കഴിഞ്ഞ 13 ദിവസങ്ങളിൽ എന്താണ് സംഭവിക്കുന്നത്?

ഒക്‌ടോബർ 05ന് അറസ്‌റ്റിലായ ഇദ്ദേഹത്തിനും കൂടെ ഉണ്ടായിരുന്നവർക്കും എതിരെയുള്ള എഫ്‌ഐആർ (പ്രഥമവിവരറിപ്പോർട്ട്) രണ്ടു ദിവസങ്ങൾക്ക് ശേഷം പോലീസ് തയ്യാറാക്കുന്നു. ഒക്‌ടോബർ 07ന്, ഉത്തർപ്രദേശിലെ മധുര കോടതിയിൽ ഇദ്ദേഹത്തിനെ ഹാജരാക്കുന്നു. അവിടെ ഉണ്ടായിരുന്ന വക്കീലിനെ കാണാൻ ഇദ്ദേഹത്തിനെ അനുവദിക്കുന്നില്ല. കോടതി നടപടികൾക്ക് ശേഷം മധുരയിലെ തന്നെ ജയിലിലേക്ക് സിദ്ദീഖ് കാപ്പനെയും അറസ്‌റ്റ് ചെയ്‌ത മറ്റുള്ളവരെയും മാറ്റുന്നു.

പത്രപ്രവര്‍ത്തക യൂണിയന്‍, ഡെൽഹിയിലെ മുതിർന്ന അഭിഭാഷകൻ വിൽസ് മാത്യു വഴി സുപ്രീം കോടതിയെ സമീപിക്കുന്നു. അന്യായമായി തടവിലാക്കപ്പെട്ട സിദ്ദീഖ് കാപ്പനെ വിട്ടുനൽകാൻ ആവശ്യപ്പെട്ടുള്ള ഹേബിയസ് കോർപ്പസ് ഹരജിയാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്‌തത്‌. കേസ് പരിഗണിച്ച കോടതിയിൽ കപിൽ സിബൽ ഉൾപ്പെടുന്ന ഒരു അഭിഭാഷക ടീം ഒക്‌ടോബർ 12ന് ഹാജരാകുന്നു. എന്നാൽ ഹരജി തള്ളാതെ, അലഹബാദ് കോടതിയെ സമീപിക്കാൻ സുപ്രീം കോടതി പറഞ്ഞു. അലഹബാദ് കോടതിയിൽ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ സുപ്രീം കോടതിയെ സമീപിക്കണമെന്നും ചീഫ് ജസ്‌റ്റിസ്‌ നിർദ്ദേശിച്ചു.

അലഹബാദ് കോടതിയെ സമീപിക്കാൻ ആവശ്യമായ വിവരങ്ങൾ തേടാനും കേസിൽ സിദ്ദീഖ് കാപ്പന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണങ്ങൾ അറിയാനുമായി അഡ്വ. വിൽസ് മാത്യു ഉൾപ്പെടുന്ന സംഘം നിരന്തരം ജയിൽ അധികൃതരുമായും പോലീസുമായും ബന്ധപ്പെടുന്നു. യാതൊരു വിധത്തിലും സിദ്ദീഖ് കാപ്പനെ ബന്ധപ്പെടാൻ കഴിയുന്നില്ല.ആർക്കും ഒരു വിവരവും പോലീസ് ലഭ്യമാക്കുന്നില്ല. എല്ലാം പരിപൂർണ്ണ രഹസ്യം. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ പോലും കഴിയാത്ത അവസ്‌ഥ.

ശേഷം, അഡ്വ. വിൽസ് മാത്യു ഒക്‌ടോബർ 16ന് മധുര കോടതിയിൽ നേരിട്ട് എത്തുന്നു. പ്രതിയെ കാണാൻ അനുവദിക്കാനുള്ള അപേക്ഷ കോടതിക്ക് കൈമാറുന്നു. അപേക്ഷ സ്വീകരിച്ച കോടതി 1 മണിക്കൂറിന് ശേഷം പറയുന്നു; “കോടതി ഉത്തരവ് ആവശ്യമില്ല. അഭിഭാഷകന് നേരിട്ട് പ്രതിയെ കാണാൻ ജയിലിൽ പോകാം” എന്ന് പറയുന്നു.

അഭിഭാഷകൻ, അവിടെ നിന്ന് അധികം ദൂരമില്ലാത്ത ജയിലിൽ എത്തുന്നു. ജയിലധികൃതർക്ക് അപേക്ഷ നൽകുന്നു. 1 മണിക്കൂറോളം കാത്തിരുന്ന അഭിഭാഷകന് ജയിലധികൃതർ ഉത്തരം നൽകുന്നു, “കോടതി ഉത്തരവില്ലാതെ പ്രതിയെ കാണാൻ കഴിയില്ല” എന്ന്. അഡ്വ.വിൽസ് മാത്യു തിരിച്ച് വീണ്ടും മധുര കോടതിയിൽ വരികയും ‘പ്രതിയെ കാണാൻ അഭിഭാഷകൻ എന്ന നിലയിൽ അനുവദിക്കണം’ എന്നാവശ്യപ്പെട്ടുകൊണ്ട് വീണ്ടും അപേക്ഷ നൽകുകയും ചെയ്യുന്നു. ഈ അപേക്ഷ നൽകുന്നത് ഉച്ചക്ക് 1 മണിയോടെയാണ്.

Related Read: സിദ്ദീഖ് കാപ്പന്റെ മോചനത്തിന് സര്‍ക്കാര്‍ ഇടപെടണം; ടിഎന്‍ പ്രതാപന്‍

ഏറ്റവും കൂടിയാൽ പത്ത് മിനിറ്റ് കൊണ്ട് തീരുമാനം എടുക്കാവുന്ന വിഷയത്തിൽ മധുര കോടതി ചെയ്‌തത്‌, സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനായ വിൽസ് മാത്യുവിനെ വൈകിട്ട് 6 മണി കഴിയുന്നത് വരെ കോടതിയിൽ ഇരുത്തി. അടുത്ത നിമിഷം അനുമതി കിട്ടിയേക്കും എന്ന പ്രതീക്ഷയിൽ അഭിഭാഷകൻ കാത്തിരുന്നെങ്കിലും വൈകിട്ട് 6.20ന് കോടതി അപേക്ഷ തള്ളി. കാരണം അപ്പോൾ വ്യക്‌തമാക്കിയില്ല. അതറിയാനിനി വേറെ അപേക്ഷ കൊടുക്കണം.അന്നത്തെ കോടതി സമയം കഴിഞ്ഞത് കൊണ്ട് ഇന്ന് മാത്രമേ അത് സാധ്യമാകു.

ഈ പറയുന്ന കോടതിയിൽ കോവിഡ് കാരണം വിശേഷിച്ച് തിരക്കുകൾ ഒന്നുമില്ല. 10 മിനിറ്റുകൊണ്ട് സാധാരണ കോടതികൾ അനുവദിക്കുന്ന “പ്രതിയെ കാണാൻ അഭിഭാഷകനുള്ള അനുമതി” ക്ക് കോടതിയുടെ “സാധാരണ” സമയം കഴിയുന്നത് വരെയും അതും പിന്നിട്ട് പിന്നെയും ഒരു മണിക്കൂറോളം അഭിഭാഷകനെ കാത്തിരുത്തിയത് എന്തിനായിരുന്നു? സീനിയറായ ഈ സുപ്രീം കോടതി അഭിഭാഷകന് പോലും ഉത്തരം നൽകാൻ കഴിയാത്ത സമസ്യയായി ഈ അനുഭവം മാറുന്നു.

മണികൺഠൻ പൂർത്തീകരിക്കുന്നു; കിട്ടുന്ന ശമ്പളം ജീവിതച്ചെലവിനു തികയാതെ നെട്ടോട്ടമോടുന്ന ഒരാളാണ് പോലീസിന്റെ കണക്കില്‍ കലാപങ്ങള്‍ക്ക് പണമൊഴുക്കുന്ന ഭീകരദല്ലാള്‍. പോലീസിന്റെ കുറ്റാരോപണം അതേപടി വിഴുങ്ങി അവനെ ആക്ഷേപിക്കുന്നവര്‍ക്ക് ആ വീടിനെക്കുറിച്ചറിയാമോ?

എട്ടു വര്‍ഷം മുമ്പ് തുടങ്ങിയ വീടുപണി ഇന്നും തീര്‍ന്നിട്ടില്ല. ശമ്പളത്തില്‍ സ്വരുക്കൂട്ടി വച്ച തുക ഇക്കാലമത്രയും അതിനു തികഞ്ഞിട്ടില്ല. ഉള്ളതു സൂക്ഷിച്ചു ചെലവാക്കി വീടു പൂര്‍ത്തിയാക്കണം എന്ന് ഭാര്യയോട് ഇടക്കിടെ ഉപദേശിക്കാറുള്ള ഒരു സാധുമനുഷ്യനാണോ നിങ്ങള്‍ക്കു കുറ്റവാളി? കൂട്ടുകാര്‍ കളിയാക്കി ചിരിക്കുമ്പോഴും ഒരു പരിഭവം പോലും കാട്ടാതെ അവര്‍ക്കൊപ്പം ചിരിച്ചു ചേരാറുള്ള ഒരാളെക്കുറിച്ചാണോ ഹത്രസിൽ ജാതി വേര്‍തിരിച്ചു നാട്ടുകാരെ തമ്മിലടിപ്പിക്കാന്‍ പോയെന്ന് നിങ്ങള്‍ പറയുന്നത്?

അയാള്‍ ജോലി ചെയ്യാന്‍ പോയതാണ് സര്‍. ചുറ്റിലൊരു സംഭവം നടന്നാല്‍ അവിടെ നേരിട്ടെത്തി കാര്യങ്ങളറിഞ്ഞു, വാര്‍ത്തയാക്കി ജനങ്ങളെ അറിയിക്കാന്‍ ശ്രമിച്ച പത്രപ്രവര്‍ത്തകന്‍. അങ്ങനെയൊരാളാണിന്ന് രാജ്യദ്രോഹിയാക്കപ്പെട്ട് ജയിലില്‍.

കൂട്ടത്തിലിരുന്നു കല്ലെറിയുന്നവര്‍ ഒന്നോര്‍ത്തോളൂ, ഇന്ന് സിദ്ദിഖെങ്കില്‍ നാളെ നമ്മളില്‍ ആരെങ്കിലുമാവാം ഇര. ഒരു വ്യക്‌തിയുദ്ധമല്ല, നിര്‍ഭയമായി മാദ്ധ്യമ പ്രവര്‍ത്തനം നടത്താന്‍ വേണ്ടിയുള്ള പോരാട്ടമാണ് നമ്മുടേത്.

ജേർണലിസ്‌റ്റ് സിദ്ദീഖ് കാപ്പൻ; യോഗി സർക്കാറിന്റെ ‘ഭയം’ ഉൽപ്പാദിപ്പിക്കാനുള്ള ഇന്ധനമാകുന്നുവോ?

Related Read: കൊറോണയേക്കാൾ ഭയാനകമാണ് ഫാസിസം; സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റിൽ പ്രതികരിച്ച് ഡോ.പി കെ പോക്കർ

Mechart
0 Comments
Esahaque Eswaramangalam
ലേഖകൻ; ഇ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇസഹാഖ് ഈശ്വരമംഗലം മാദ്ധ്യമ പ്രവർത്തന മേഖലയിൽ വ്യക്‌തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 'കേരളീയം' മലയാള സാംസ്‌കാരിക മാസികയുടെ എഡിറ്ററായി 5 വർഷം പ്രവർത്തിച്ചിട്ടുണ്ട്. GCC Business News -ന്റെ സ്‌ഥാപകനും എഡിറ്ററുമാണ്. മാദ്ധ്യമ രംഗത്തെ പ്രവർത്തന മികവിന് 2008-ൽ കെ.എൻ.എൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിവിധ ബിസിനസ് സംരംഭങ്ങളിലും സാമൂഹിക സംഘടനകളിലും പങ്കാളിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE