കൊറോണയേക്കാൾ ഭയാനകമാണ് ഫാസിസം; സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റിൽ പ്രതികരിച്ച് ഡോ.പി കെ പോക്കർ

By News Desk, Malabar News
Dr.PK Pokker about BJP
Dr.PK Pokker, Siddique Kappan

കോഴിക്കോട്: യുഎപിഎ (Unlawfull Activities ((Prevention) Act) ആർക്കും എപ്പോൾ വേണമെങ്കിലും ലഭിക്കാവുന്ന ശിക്ഷയായി മാറുകയാണെന്ന് ചിന്തകനും കാലിക്കറ്റ് സർവകലാശാലാ അധ്യാപകനുമായ ഡോ.പി കെ പോക്കർ. ഹത്രസിൽ മലയാളി മാദ്ധ്യമ പ്രവർത്തകനായ സിദ്ദീഖ് കാപ്പനെ യുപി പോലീസ് അറസ്‌റ്റ് ചെയ്‌ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഹത്രസിലേക്ക് പോയ സിദ്ദീഖ് കാപ്പൻ ഇപ്പോൾ യുഎപിഎ ചുമത്തി ജയിലിലാണ്. ഈ സംഭവം നമ്മൾ മറക്കുമെന്ന് കേന്ദ്ര സർക്കാരിന് അറിയാം. ചിന്തിക്കാൻ കഴിവില്ലാത്ത പ്രതികരണ ശേഷിയില്ലാത്ത അടിമ മനോഭാവം ഉള്ള ഒരു ജനതയെ മാത്രമാണ് ബിജെപി നിലനിർത്താൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ദിനംപ്രതി നിരവധി പേരെ യുഎപിഎ ചുമത്തി തടവിലാക്കുന്നുണ്ട്. ഇവരാരും ബോംബ് ഉണ്ടാക്കിയവരോ കൊലക്കുറ്റത്തിൽ പ്രതിയായവരോ ആളുകളെ വെടിവെച്ചു കൊല്ലാൻ ആഹ്വാനം ചെയ്‌തവരോ അല്ല. ഇങ്ങനെ തടവിലാക്കപ്പെട്ടവർ രാജ്യരക്ഷക്ക് ഭീഷണിയായതിനും ഇതുവരെ തെളിവുകൾ ഒന്നും തന്നെയില്ല’ -അദ്ദേഹം പറഞ്ഞു.

രണ്ടാം ബിജെപി ഭരണം സമ്പൂർണ ഫാസിസത്തിലേക്കാണ് നീങ്ങുന്നത്. മറവി കൊണ്ടും മൗനം കൊണ്ടും ഈ സത്യം മാഞ്ഞ് പോകില്ല. കൊറോണയെക്കാൾ ഭയാനകമാണ് ഫാസിസം. അത് നാളെ ആരിലേക്കും എവിടെ വേണമെങ്കിലും എത്താം. ഒരുപക്ഷേ മൗനം പാലിച്ചാൽ നിങ്ങളിലേക്കും അവരെത്തും- ഡോ.പോക്കർ കൂട്ടിച്ചേർത്തു.

ഹത്രസിൽ കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോയ സിദ്ദീഖ് കാപ്പനെ കഴിഞ്ഞ ആഴ്‌ചയാണ്‌ യുപി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. യുഎപിഎ, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അദ്ദേഹത്തെ തടവിലാക്കിയത്. കേരളാ പത്ര പ്രവർത്തക യൂണിയൻ കാപ്പന്റെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി നൽകിയിരുന്നു. എന്നാൽ, അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്. സിദ്ദീഖ് കാപ്പന്റെ മോചനത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. ഈ സംഭവത്തിനെതിരേ പ്രതിഷേധവുമായാണ് ഡോ.പോക്കർ രംഗത്തെത്തിയത്.

കാലിക്കറ്റ് സർവകലാശാലയിലെ ഫിലോസഫി വിഭാഗം പ്രൊഫസറും കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് മുൻ ഡയറക്‌ടറുമാണ്‌ ഡോ. പി.കെ. പോക്കർ. “സ്വത്വരാഷ്‌ട്രീയം” എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം 2008-ലെ ഏറ്റവും നല്ല വൈജ്ഞാനിക സാഹിത്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടുകയുണ്ടായി. ആധുനികോത്തരതയുടെ കേരളീയ പരിസരം എന്ന 1996-ൽ പ്രസിദ്ധീകരിച്ച പോക്കറിന്റെ കൃതി ശ്രദ്ധനേടിയതും 1997-ലെ സാഹിത്യ വിമർശനത്തിനുള്ള തായാട്ട് അവാർഡിനർഹമായതുമാണ്‌.

Related News: മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വിട്ടുകിട്ടാനുള്ള കേസ് സുപ്രീം കോടതി 12ന് പരിഗണിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE