ഉത്തർപ്രദേശ്: ഹിന്ദു യുവവാഹിനി സ്‌ഥാപകനും ഹിന്ദു മഹാസഭയുടെ മഹന്ത് അവൈദ്യനാഥിന്റെ ശിഷ്യനും ബിജെപിയുടെ തീവ്ര മുഖവുമായ യോഗി ആദ്യത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിലെ ഒരു ചെറു പട്ടണമായ ഹത്രസിൽ നിന്ന് 14 കിലോമീറ്റർ ദൂരെയുള്ള ഒരു കുഗ്രാമത്തിലാണ് മൃഗീയമായ ഈ കൃത്യം നടക്കുന്നത്.
2020 സെപ്റ്റംബർ 14ന് സന്ദിപ്, രാമു, ലവകുശ, രവി എന്നീ നാല് സമ്പന്ന മേൽജാതി യുവാക്കൾ 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി ക്രൂരമായ ബലാൽസംഗത്തിന് ഇരയാക്കി എന്നാണ് കേസ്. വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് കുട്ടിയെ മൃഗീയമായി പീഡിപ്പിച്ചത്.
ലഭ്യമായ വിവരങ്ങളനുസരിച്ച്; നാലുപേരാൽ ക്രൂരമായ ബലാൽസംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ നട്ടെല്ല് തകര്‍ന്നിരുന്നു. കുട്ടിയുടെ നാവ് അക്രമികള്‍ മുറിച്ചെടുക്കുകയും ചെയ്‌തു. പരിസരത്ത് ഉണ്ടായിരുന്ന കേൾവിക്കുറവുള്ള അമ്മക്ക് മകളുടെ കരച്ചിൽ കേൾക്കാനും സാധിച്ചില്ല. ദരിദ്ര കുടുംബമായ കുട്ടിയുടെ കുടുംബാംഗങ്ങൾ പോലീസിൽ അറിയിച്ചെങ്കിലും കേസെടുക്കാൻ അവർ തയ്യാറായില്ല. പിന്നീട്, ക്രൂരത സമൂഹം അറിയുകയും അവർ ഏറ്റെടുക്കുകയും ചെയ്‌ത ശേഷം അഥവാ ആറു ദിവസങ്ങൾക്ക് ശേഷം 2020 സെപ്റ്റംബർ 20നാണ് പോലീസ് കേസെടുക്കുന്നത്. പിന്നെയും രണ്ടു ദിവസങ്ങൾക്ക് ശേഷം, സെപ്റ്റംബർ 22 നാണ് കുട്ടിയുടെ മൊഴി എടുക്കുന്നത്.
Related Read: ഹത്രസ്; ചന്ദ്രശേഖർ ആസാദിന് ‘രാഷ്‌ട്രീയ സവർണ്ണ പരിഷത്ത്’ ഭീഷണി
അലിഗഢിലെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജിലും പിന്നീട് നില വഷളായതോടെ സെപ്റ്റംബർ 28-ന് ഡെല്‍ഹിയിലെ സഫ്‌ദർ ജങ് ആശുപത്രിയിലും ചികിൽസ തേടി. രണ്ടാഴ്‌ച്ചയോളം മരണത്തോട് പോരാടിത്തോറ്റ ഈ 19 കാരി 2020 സെപ്റ്റംബർ 29ന് മരണത്തിന് കീഴടങ്ങി. ആശുപത്രി നടപടികൾക്ക് ശേഷം വിട്ടു കിട്ടിയ മൃതദേഹം ഹത്രസിലെ കുട്ടിയുടെ വീട് സ്‌ഥിതി ചെയ്യുന്ന കുഗ്രാമത്തിലെ ഇവരുടെ വീട്ടിലേക്ക് പോലീസ് അകമ്പടിയിൽ എത്തിച്ചു.
ശേഷം, കുടുംബാംഗങ്ങളെ വീട്ടു തടങ്കലിലാക്കിയ ശേഷം മറ്റാരുടെയോ നിർദ്ദേശത്തിന് വഴങ്ങി പോലീസ്, മൃതദേഹം വീടിന് സമീപത്തെ ഒരൊഴിഞ്ഞ സ്‌ഥലത്തിട്ട് കത്തിച്ചു കളഞ്ഞു. ഈ ക്രൂരതക്ക് പോലീസ് പറഞ്ഞ ന്യായം, നേരം പുലർന്നാൽ ക്രമസമാധാന പ്രശ്‌നം ഉണ്ടാകും. അതുകൊണ്ട് എത്രയും വേഗം ശരീരം ദഹിപ്പിക്കണം എന്നാണ്. ഇതിനെ ഈ പെൺകുട്ടിയുടെ സഹോദരനും പിതാവും ശക്‌തമായി എതിർത്തു. നേരം പുലർന്നിട്ട് ദഹിപ്പിക്കാം എന്ന് കുടുംബാംഗങ്ങൾ യാചിച്ചു നോക്കി. പക്ഷെ, വീട്ടുകാരെ പൂർണ്ണമായും തടങ്കലിലാക്കിക്കൊണ്ട് രാവിലെ 3.15 ഓടെ ശരീരം, ആചാരങ്ങൾ പോലും പാലിക്കാതെ കത്തിച്ചു കളഞ്ഞു.
കൂടുതലറിയാൻ; വിക്കിപേജ്സഹായിക്കും