ഉത്തർപ്രദേശ്: ചന്ദ്രശേഖർ ആസാദിനെതിരെ പൊലീസിനെ സാക്ഷിയാക്കി ‘രാഷ്‌ട്രീയ സവർണ്ണ പരിഷത്ത്’ ഭീഷണി. ഈ ഭീഷണി വീഡിയോ രാജ്യമാകെ പ്രചരിച്ചിട്ടും ഇവർക്കെതിരെ യോഗിയുടെ പോലീസ് ഇതു വരെ കേസെടുത്തിട്ടില്ല.
‘ആസാദ് സിബിഐയെ വിശ്വസിക്കുന്നില്ല, അയാള്‍ ഇവിടെ രാഷ്‌ട്രീയം കളിക്കാന്‍ വന്നതാണ്. നമുക്ക് ഒരു തവണ അദ്ദേഹത്തെ നേരിട്ട് കാണാം, അദ്ദേഹത്തിന് സി.ബി.ഐയിലൊക്കെ വിശ്വാസമുണ്ടെന്ന് ഉറപ്പിക്കാം’ എന്നാണ് പരോക്ഷ ഭീഷണി സ്വരമുള്ള വാക്കുകൾ. ഉന്നതജാതിക്കാരായ താക്കൂര്‍ വിഭാഗമാണ് ‘രാഷ്‌ട്രീയ സവർണ്ണ പരിഷത്ത്’ എന്ന സംഘടനക്ക് പിന്നിൽ ഉള്ളത്.
അറസ്‌റ്റിലായ ഒരാൾക്ക് പെൺകുട്ടിയുടെ സഹോദരന്റെ അതേ പേരാണെന്നും യഥാർഥത്തിൽ സഹോദരനാണ് കുറ്റകൃത്യത്തിന് പിന്നിലെന്നും ഇപ്പോൾ പ്രതികളായവരെ കുടുക്കാനാണ് കുടുംബത്തിന്റെ ശ്രമമെന്നും വിഡിയോയിൽ ‘രാഷ്‌ട്രീയ സവർണ്ണ പരിഷത്ത്’ പ്രവർത്തകർ ആരോപിക്കുന്നു.
വിഷയത്തിൽ പ്രതിഷേധ രംഗത്തുള്ളവർക്ക് എതിരെ രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുക്കുന്നുമുണ്ട്. “പ്രതിഷേധങ്ങളെ അടിച്ചൊതുക്കാനുള്ള എളുപ്പ വഴി, കുറച്ചുപേർക്ക് എതിരെ ശക്‌തമായ വകുപ്പുകൾ ചുമത്തി കേസെടുക്കുക. അതുണ്ടാക്കുന്ന ഭയം ആളുകളെ പ്രതിഷേധത്തിൽ നിന്ന് പിന്തിരിപ്പിക്കുകയും പതുക്കെ പ്രതിഷേധം കെട്ടടങ്ങുകയും ചെയ്യും. അതുവരെ കുടുംബത്തെ ഹത്രസിൽ നിന്ന് മാറ്റാനുള്ള ശ്രമങ്ങളെ തടയാനാവശ്യമായ പ്രഖ്യാപനങ്ങളും കാര്യങ്ങളും ഉടനെ ചെയ്യുക. ശേഷം മറ്റു കാര്യങ്ങൾ ആലോചിക്കാം” എന്നാണത്രെ യോഗിക്ക് കിട്ടിയ പിആർ ഉപദേശം. ഹത്രസിലെ ഏക താഴ്ന്ന ജാതി സംഘടനയുടെ നേതാവ് വ്യക്‌തമാക്കുന്നു.
“ഈ പിആർ ഉപദേശം അനുസരിച്ച്; യോഗി പോലീസ് പ്രതിഷേധ രംഗത്തുള്ളവർക്ക് എതിരെ സെക്ഷന്‍ 124 എ (രാജ്യദ്രോഹം), 153 എ (ഇരു വിഭാഗങ്ങള്‍ക്കിടയില്‍ വൈരവും കലാപവുമുണ്ടാക്കല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) തുടങ്ങിയ ശക്‌തമായ വകുപ്പുകൾ ചുമത്തി കേസുകൾ എടുത്തു കൊണ്ടിരിക്കുന്നു. മാത്രവുമല്ല, ഈ കേസ് കോടതിയിൽ പൊട്ടിക്കാനുള്ള ജോലികൾ, പ്രതികളും അവരെ സംരക്ഷിക്കുന്ന മേൽജാതി നേതാക്കളും മുൻപ് തന്നെ തുടങ്ങിയിരുന്നു. ബലാൽസംഗം നടന്ന് 11 ദിവസത്തിന് ശേഷമാണ് കുട്ടിയുടെ ശരീരത്ത് നിന്നും മറ്റും ശാസ്‌ത്രീയ പഠനത്തിന് ആവശ്യമായ സാമ്പിളുകള്‍ ശേഖരിച്ചത്. ഇതും ആസൂത്രിതം ആയിരുന്നു. കേസ് കോടതിയിൽ നിൽക്കാതിരിക്കാൻ ഇതൊക്കെ ഇവിടെ സ്‌ഥിരം നടത്തുന്ന കാര്യങ്ങളാണ്” ഇദ്ദേഹം കൂട്ടിച്ചേർത്തു.
മേൽജാതി കുറ്റവാളികൾക്ക് അനുകൂലമായ ഇത്തരം പ്രവർത്തികൾ യോഗി ചെയ്യുന്നത് കൊണ്ടാണ് ‘തിരിച്ചടിക്കാനാണ് ഞങ്ങള്‍ ജനിച്ചത് തന്നെ…വരൂ, നിങ്ങളുടെ സഹോദരങ്ങള്‍ ഇവിടെ കാത്തിരിക്കുകയാണ്’ എന്നൊക്കെ വീഡിയോയിലൂടെ ചന്ദ്രശേഖര്‍ ആസാദിനെതിരെ ഭീഷണിയായി പോലീസ് സാനിധ്യത്തിൽ ഉയർത്താൻ ‘രാഷ്‌ട്രീയ സവർണ്ണ പരിഷത്ത്’ പോലുള്ള മേൽജാതി സംഘടനാ പ്രവർത്തകരെ സഹായിക്കുന്നത്.
Most Read: ഹത്രസും ബൽറാംപുരും; ആശങ്കയറിയിച്ച് യുഎൻ
കൊല്ലപ്പെട്ട ദലിത് യുവതിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കണമെന്നും കോടതി മേൽനോട്ടമില്ലാത്ത സിബിഐ അന്വേഷണം വിശ്വസിക്കാനാകില്ല എന്നും ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടതാണ് ‘രാഷ്‌ട്രീയ സവർണ്ണ പരിഷത്ത്’ നെ പ്രകോപിപ്പിച്ചത്.
അതേസമയം, ഹത്രസില്‍ ക്രൂര ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചതിന് ഭീം ആര്‍മിയുടെ ദേശീയ നേതാവും സ്‌ഥാപകനുമായ ചന്ദ്രശേഖര്‍ ആസാദുള്‍പ്പടെ 400 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഹത്രസിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ചന്ദ്രശേഖര്‍ ആസാദും അനുയായികളും എത്തിയത്. നേരത്തെ പെണ്‍കുട്ടിക്ക് നീതിതേടി പ്രതിഷേധം സംഘടിപ്പിച്ചതിനും ചന്ദ്രശേഖര്‍ ആസാദിനെ വീട്ടു തടങ്കലിലാക്കിയിരുന്നു.
“കുട്ടിയുടെ മൃത ദേഹത്തിനോട് പോലും പോലീസും നിയമ സംവിധാനങ്ങളും നീതികാണിച്ചില്ല. ജീവിച്ചിരിക്കുന്ന കുട്ടിയുടെ മാതാപിതാക്കൾക്കും ഏക സഹോദരനും ജീവിതാവസാനം വരെ ശാന്തി കിട്ടാത്ത രീതിയിലാണ് കുട്ടിയുടെ മൃത ദേഹം, അന്ത്യകർമ്മങ്ങൾ പോലും നൽകാതെ കത്തിച്ചു കളഞ്ഞത്. ഉയർന്ന ജാതിക്കാർക്ക് ശക്‌തമായ സ്വാധീനമുള്ള ഉത്തർപ്രദേശിലെ ഇത്തരം ഗ്രാമങ്ങളിൽ നിന്ന് പുറത്ത് വരാത്ത അനേകായിരം കേസുകൾ ഉണ്ട്. പരാതി നൽകാനുള്ള സഹായങ്ങൾ ചെയ്‌താലും പരാതിപ്പെടാൻ ഭയമാണ് ഇത്തരം ഗ്രാമങ്ങളിൽ ജീവിക്കുന്ന താഴ്ന്ന ജാതിയിൽ പെട്ടവർക്ക്” ഹത്രസിലെ ഒരു താഴ്ന്ന ജാതി സംഘടനയുടെ നേതാവ് പേരു വെളിപ്പെടുത്തരുതെന്ന അഭ്യർഥനയോടെ ഈ ലേഖകനോട് പറഞ്ഞു.
എന്താണ് ഹത്രസ് വിഷയം: ഉത്തർപ്രദേശിലെ ഒരു ചെറു പട്ടണമായ ഹത്രസിൽ നിന്ന് 14 കിലോമീറ്റർ ദൂരെയുള്ള ഒരു കുഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. 2020 സെപ്റ്റംബർ 14ന് സന്ദിപ്, രാമു, ലവകുശ, രവി എന്നീ നാല് സമ്പന്ന മേൽജാതി യുവാക്കൾ 19 വയസ്സുള്ള ദലിത് പെണ്‍കുട്ടി ക്രൂരമായ ബലാൽസംഗത്തിന് ഇരയാക്കി. വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് കുട്ടിയെ മൃഗീയമായി പീഡിപ്പിച്ചത്.
നാലുപേരാൽ ക്രൂരമായ ബലാൽസംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ നട്ടെല്ല് തകര്‍ന്നിരുന്നു. കുട്ടിയുടെ നാവ് അക്രമികള്‍ മുറിച്ചെടുക്കുകയും ചെയ്‌തു. പരിസരത്ത് ഉണ്ടായിരുന്ന കേൾവിക്കുറവുള്ള അമ്മക്ക് മകളുടെ കരച്ചിൽ കേൾക്കാനും സാധിച്ചില്ല. ദരിദ്ര കുടുംബമായ കുട്ടിയുടെ കുടുംബാംഗങ്ങൾ പോലീസിൽ അറിയിച്ചെങ്കിലും കേസെടുക്കാൻ അവർ തയ്യാറായില്ല. പിന്നീട്, ക്രൂരത സമൂഹം അറിയുകയും അവർ ഏറ്റെടുക്കുകയും ചെയ്‌ത ശേഷം അഥവാ ആറു ദിവസങ്ങൾക്ക് ശേഷം 2020 സെപ്റ്റംബർ 20നാണ് പോലീസ് കേസെടുക്കുന്നത്. പിന്നെയും രണ്ടു ദിവസങ്ങൾക്ക് ശേഷം, സെപ്റ്റംബർ 22 നാണ് കുട്ടിയുടെ മൊഴി എടുക്കുന്നത്.
അലിഗഢിലെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജിലും പിന്നീട് നില വഷളായതോടെ സെപ്റ്റംബർ 28-ന് ഡെല്‍ഹിയിലെ സഫ്‌ദർ ജങ് ആശുപത്രിയിലും ചികിൽസ തേടി. രണ്ടാഴ്‌ച്ചയോളം മരണത്തോട് പോരാടിത്തോറ്റ ഈ 19 കാരി 2020 സെപ്റ്റംബർ 29 ന് മരണത്തിന് കീഴടങ്ങി. ആശുപത്രി നടപടികൾക്ക് ശേഷം വിട്ടു കിട്ടിയ മൃതദേഹം ഹത്രസിലെ കുട്ടിയുടെ വീട് സ്‌ഥിതി ചെയ്യുന്ന കുഗ്രാമത്തിലെ ഇവരുടെ വീട്ടിലേക്ക് പോലീസ് അകമ്പടിയിൽ എത്തിച്ചെങ്കിലും, കുടുംബാംഗങ്ങളെ വീട്ടു തടങ്കലിലാക്കിയ ശേഷം മറ്റാരുടെയോ നിർദ്ദേശത്തിന് വഴങ്ങി പോലീസ്, മൃതദേഹം വീടിന് സമീപത്തെ ഒരൊഴിഞ്ഞ സ്‌ഥലത്തിട്ട് കത്തിച്ചു കളഞ്ഞു.
Related News: ഹത്രസ് പ്രതിഷേധം; കനിമൊഴി കസ്‌റ്റഡിയിൽ