പത്തനംതിട്ട: അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന് അന്ത്യാജ്‌ഞലി അർപ്പിച്ച് ജൻമനാട്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ മൃതദേഹം വിലാപയാത്രയായി കളക്‌ട്രേട്ടിലെത്തിച്ചു. 11.30വരെയാണ് കളക്‌ട്രേറ്റിലെ പൊതുദർശനം.
ശേഷം വിലാപയാത്രയായി മലയാലപ്പുഴയിലെ വീട്ടിലെത്തിക്കും. വീട്ടിലെ പൊതുദർശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംസ്‌കാരം. സ്‌ഥലം മാറ്റത്തിന്റെ തലേന്ന് കണ്ണൂരിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ വെച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ നവീൻ ബാബുവിനെതിരെ അഴിമതിയാരോപണം ഉന്നയിക്കുന്നത്. ഇതിൽ മനംനൊന്താണ് നവീൻ ബാബു ജീവനൊടുക്കിയത്.
അതേസമയം, നവീൻ ബാബുവിന്റെ ആത്‍മഹത്യയിൽ പരാതി ലഭിച്ചിട്ടും പിപി ദിവ്യക്കെതിരെ പോലീസ് കേസെടുക്കാതെ സംരക്ഷിക്കുന്ന നടപടി സ്വീകരിക്കുകയാണ്. എന്നാൽ, നവീൻ ബാബുവിന്റെ സഹോദരൻ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ടെന്നാണ് കണ്ണൂർ ടൗൺ പോലീസ് പറയുന്നത്. ദിവ്യയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. അതിനിടെ, പരാതിക്കാരനായ പ്രശാന്തിനെതിരെ വകുപ്പുതല അന്വേഷണത്തിനും നീക്കമുണ്ട്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!