കണ്ണൂർ: കുഞ്ഞുമായി പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടി ജീവനൊടുക്കിയ അടുത്തില വയലപ്ര സ്വദേശി എംവി റീമയുടെ (30) ആത്‍മഹത്യാ കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവിനെതിരെയും ഭർതൃ മാതാവിനെതിരെയും ഗുരുതര ആരോപണങ്ങളാണ് റീമ കുറിപ്പിൽ എഴുതിയിരിക്കുന്നത്.
”ഭർതൃ മാതാവ് ഒരിക്കലും സമാധാനം നൽകിയിട്ടില്ല. എന്നെയും കുട്ടിയെയും അമ്മയുടെ വാക്ക് കേട്ട് ഭർത്താവ് കമൽ രാജ് വീട്ടിൽ നിന്ന് ഇറക്കിവിട്ടു. പിന്നീട് മകനെ അവർക്ക് വേണമെന്ന സമ്മർദ്ദം സഹിക്കാൻ പറ്റിയില്ല. എന്നെ പോലുള്ള പെൺകുട്ടികൾക്ക് ഈ നാട്ടിൽ നീതി കിട്ടില്ല. കൊന്നാലും ചത്താലും നിയമം കുറ്റം ചെയ്‌തവർക്ക് ഒപ്പമാണ്.
സ്വന്തം കുട്ടിയോടുള്ള ഇഷ്‌ടം കൊണ്ടല്ല, അമ്മ ജയിക്കണമെന്ന വാശികൊണ്ടാണ് ഭർത്താവ് കുഞ്ഞിനെ ആവശ്യപ്പെടുന്നത്. അവർ എന്നോട് പോയി ചാകാൻ പറഞ്ഞു. ഭർതൃമാതാവ് എപ്പോഴും വഴക്ക് പറയും. എന്നെയും ഭർത്താവിനെയും എപ്പോഴും തമ്മിൽ തല്ലിക്കും”- കുറിപ്പിൽ പറയുന്നു. പിഎസ്‌സി പരീക്ഷയുടെ ഹാൾ ടിക്കറ്റിലെഴുതിയ കുറിപ്പാണ് പുറത്തുവന്നത്.
റീമയുടെ ആത്‍മഹത്യക്ക് പിന്നാലെ തന്റെയും കുഞ്ഞിന്റെയും മരണത്തിന് ഉത്തരവാദി ഭർത്താവും അദ്ദേഹത്തിന്റെ അമ്മയുമാണെന്ന റീമയുടെ വാട്‌സ് ആപ് സന്ദേശവും കണ്ടെടുത്തിരുന്നു. ഭർത്താവുമായി അകന്ന് റീമ സ്വന്തം വീട്ടിലായിരുന്നു. അടുത്തില വയലപ്ര സ്വദേശി എംവി റീമയുടെ (30) മകൻ കൃശിവ് രാജ് (കണ്ണൻ-3) എന്നിവരാണ് മരിച്ചത്.
ശനിയാഴ്‌ച അർധരാത്രിയാണ് റീമ മകനെയും കൊണ്ട് പുഴയിൽ ചാടിയത്. ഞായറാഴ്‌ച രാവിലെ എട്ടരയോടെ റീമയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. റെയിൽവേ പാലത്തിന്റെ താഴെ ഭാഗത്തായി പുഴയോട് ചേർന്നുള്ള കണ്ടൽക്കാടുകൾക്കിടയിൽ നിന്നാണ് ചൊവ്വാഴ്‌ച വൈകീട്ട് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണ്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!