കണ്ണൂർ: കൈതപ്രത്ത് വീട്ടിൽ ഗുഡ്‌സ് ഓട്ടോ ഡ്രൈവർ വെടിയേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി കൃത്യം നടത്തിയത് ഫേസ്ബുക്കിൽ ഭീഷണി സന്ദേശം പോസ്‌റ്റ് ചെയ്‌ത ശേഷമാണെന്ന് പോലീസ് പറഞ്ഞു. മാതമംഗലം പുനിയങ്കോട് സ്വദേശിയും ബിജെപി പ്രാദേശിക നേതാവുമായ കെകെ രാധാകൃഷ്‌ണനാണ് (51) വെടിയേറ്റ് മരിച്ചത്.
സംഭവത്തിലെ പ്രതിയായ പെരുമ്പടവ് അടുക്കത്തെ എൻകെ സന്തോഷിനെ പരിയാരം പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇന്നലെ വൈകിട്ട് ഏഴിന് കൈതപ്രം വായനശാലയ്‌ക്ക് സമീപത്തായിരുന്നു സംഭവം. കാട്ടുപന്നികളെ വെടിവെയ്‌ക്കാനുള്ള പഞ്ചായത്തിന്റെ ഷൂട്ടേഴ്‌സ് സംഘത്തിൽ അംഗമാണ് സന്തോഷ്. കൊലപാതകത്തിന് മുൻപും ശേഷവും ഇയാൾ ഭീഷണി സന്ദേശം പോസ്‌റ്റ് ചെയ്‌തതായാണ് കണ്ടെത്തൽ.
ഇന്നലെ വൈകിട്ട് 4.23ന് തോക്കേന്തി നിൽക്കുന്ന ഒരു ചിത്രം സന്തോഷ് പോസ്‌റ്റ് ചെയ്‌തിരുന്നു. ”കൊള്ളിക്കുക എന്നത് ആണ് ടാസ്‌ക്, കൊള്ളിക്കും എന്നത് ഉറപ്പ്” എന്നായിരുന്നു അടിക്കുറിപ്പ്. വൈകിട്ട് 7.27ന് മറ്റൊരു പോസ്‌റ്റിട്ടു. നിന്നോട് ഞാൻ പറഞ്ഞത് അല്ലേടാ, എന്റെ പെണ്ണിനെ ഒന്നും ചെയ്യരുതെന്ന്. എന്റെ ജീവൻ പോയാൽ ഞാൻ സഹിക്കും. പക്ഷേ എന്റെ പെണ്ണ്. നിനക്ക് മാപ്പില്ല- എന്നായിരുന്നു രണ്ടാമത്തെ പോസ്‌റ്റ്.
ഇന്നലെ വൈകിട്ട് ഏഴിന് കൈതപ്രം വായനശാല ഗ്രൗണ്ടിന് സമീപത്തെ പുതുതായി നിർമിക്കുന്ന വീടിന് സമീപത്ത് നിന്നാണ് ശബ്‌ദം കേട്ടത്. പടക്കംപൊട്ടിയ ശബ്‌ദമാണെന്ന് ആദ്യം പരിസരവാസികൾ കരുതി. എന്നാൽ, വെടിയേറ്റ് മരിച്ച രാധാകൃഷ്‌ണന്റെ മകനാണ് കരഞ്ഞ് വീടിന് പുറത്തേക്ക് വന്ന് സംഭവം പരിസരത്തുള്ളവരെ അറിയിച്ചത്.
ഇവർ തമ്മിൽ നേരത്തെയുള്ള പ്രശ്‌നങ്ങളാണ് കൊലപാതക കാരണമെന്നാണ് വിവരം. വെടിവെയ്‌ക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെത്തിയിട്ടില്ല. രണ്ടുമാസം മുൻപ് വ്യക്‌തിപരമായ പ്രശ്‌നത്തിൽ സന്തോഷിനെതിരെ രാധാകൃഷ്‌ണൻ പരിയാരം പോലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പലപ്പോഴും രാധാകൃഷ്‌ണനെ സന്തോഷ് ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ






































