കണ്ണൂർ: അഴീക്കോട് മീൻകുന്ന് ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പട്ടാനൂർ കൊടോളിപ്രം ആനന്ദ നിലയത്തിൽ പികെ ഗണേശൻ നമ്പ്യാരുടെ (28) മൃതദേഹമാണ് കണ്ടെത്തിയത്. അഴീക്കോട് നീർക്കടവ് തീരത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
വാരം വെളിയന്നൂർ വെള്ളോറ ഹൗസിൽ പ്രിനീഷിനെ (27) ഇതുവരെ കണ്ടെത്താനായിട്ടില്ല. തിരച്ചിൽ തുടരുകയാണ്. തിങ്കളാഴ്‌ച വൈകീട്ട് നാലോടെയാണ് കള്ളക്കടപ്പുറം ഭാഗത്തുവെച്ച് യുവാക്കളെ കാണാതായത്. പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുത്ത ശേഷം കടലിൽ നീന്തുന്നതിനിടെ ഇരുവരും തിരയിൽപ്പെടുകയായിരുന്നു.
ബീച്ചിലെത്തിയ ദമ്പതികളാണ് യുവാക്കൾ ഒഴുക്കിൽപ്പെട്ടത് കണ്ടത്. ഇവർ സമീപവാസികളെ വിവരമറിയിച്ചു. അവരെത്തുമ്പോഴേക്കും രക്ഷപ്പെടുത്താൻ സാധിക്കാത്തവിധം യുവാക്കൾ തിരയിൽപ്പെട്ടിരുന്നു. അഴീക്കൽ തീരദേശ പോലീസിന്റെ മുങ്ങൽ വിദഗ്‌ധർ ഉൾപ്പടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പാറക്കെട്ടിൽ യുവാക്കൾ അഴിച്ചുവെച്ച വസ്‌ത്രങ്ങളിൽ നിന്ന് ലഭിച്ച ആധാർ കാർഡിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. മീൻകുന്ന് ബീച്ചിന് മുകളിൽ തീരത്തോട് ചേർന്നുള്ള പാറക്കെട്ട് വഴിയാണ് യുവാക്കൾ കള്ളക്കടപ്പുറം ഭാഗത്ത് എത്തിയത്. ഏറെ അപകടകരമായ തീരമാണിത്.
Most Read| കരളും വൃക്കയും പകുത്ത് നൽകിയ അമ്മയ്‌ക്ക് സമ്മാനമായി മകന്റെ ഉന്നതവിജയം