ബംഗ്ളാദേശിലേത് ഉൾപ്പടെയുള്ള ന്യൂനപക്ഷ പീഡനങ്ങള്‍ അപലപനീയം; കാന്തപുരം

ബംഗ്ളാദേശിലും പലസ്‌തീനിലുമുള്‍പ്പടെ ലോകത്ത് പല രാജ്യങ്ങളിലും ന്യൂനപക്ഷങ്ങള്‍ ഭരണകൂട മര്‍ദ്ദനങ്ങള്‍ക്കും ഭൂരിപക്ഷ പീഡനങ്ങള്‍ക്കും ഇരകളാകുന്നുണ്ടെന്നും ഈ അക്രമങ്ങളെല്ലാം അപലപനീയമാണെന്നും ഇരകള്‍ക്കൊപ്പമാണ് നമ്മുടെ നിലപാടെന്നും കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാർ

By Senior Reporter, Malabar News
kanthapuram
എസ്‌വൈഎസ്‍ കേരള യുവജന സമ്മേളനത്തിന്റെ ഉൽഘാടന വേദിയില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തുന്നു
Ajwa Travels

തൃശൂര്‍: ഇന്ത്യയുടെ മതേതര പാരമ്പര്യം സംരക്ഷിക്കുന്നതിന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ടെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ അഭിപ്രായപ്പെട്ടു. എസ്‌വൈഎസ്‍ കേരള യുവജന സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വര്‍ഗീയതയും വിദ്വേഷവും പടര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങളുണ്ട്. അതിനു ആരും വളം വെച്ചുകൊടുക്കരുത്. കേരളത്തിലെ ബഹുഭൂരിഭാഗം ജനങ്ങളും മതേതരമായി ചിന്തിക്കുന്നവരാണ്. തിരഞ്ഞെടുപ്പ് ജയപരാജയങ്ങളുടെ പേരില്‍ മതേതര വിശ്വാസികളെ വര്‍ഗീയവാദികളായി ചിത്രീകരിക്കരുത്. സമൂഹത്തില്‍ സ്വാധീനമില്ലാത്ത സംഘടനകള്‍ക്ക് അനാവശ്യ പ്രചാരം നല്‍കുന്നതും ഗുണകരമല്ല. വര്‍ഗീയ ചേരിതിരിവുകളെ ശക്‌തമായി പ്രതിരോധിക്കാനാകണം. മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുന്നതിനു പകരം സൗഹൃദമുണ്ടാക്കാനാണ് നാം ഒരുമിച്ചു ശ്രമിക്കേണ്ടത്” – കാന്തപുരം വിശദീകരിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍  ക്രിസ്‌മസ് ആഘോഷങ്ങള്‍ക്കു നേരെയുണ്ടായ അക്രമങ്ങളില്‍ ശക്‌തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഇദ്ദേഹം പറഞ്ഞു. ബംഗ്‌ളാദേശിലും പലസ്‌തീനിലുമുള്‍പ്പടെ ലോകത്ത് പല രാജ്യങ്ങളിലും ന്യൂനപക്ഷങ്ങള്‍ ഭരണകൂട മര്‍ദനങ്ങള്‍ക്കും ഭൂരിപക്ഷ പീഡനങ്ങള്‍ക്കും ഇരകളാകുന്നുണ്ട്. ഈ അക്രമങ്ങളെല്ലാം അപലപനീയമാണ്. ഇരകള്‍ക്കൊപ്പമാണ് നമ്മുടെ നിലപാടെന്നും അദ്ദേഹം വ്യക്‌തമാക്കി.

“രാജ്യത്തെ ജനാധിപത്യ മതേതര പാരമ്പര്യത്തോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച ചരിത്രമാണ് കേരളത്തിലെ സുന്നികളുടെത്. ബഹുസ്വര സൗഹൃദ ജീവിതം മത വിശ്വാസത്തിന്റെ ഭാഗമാണ് എന്ന് പഠിപ്പിക്കുകയും മതത്തിനകത്ത് നിന്നുണ്ടാകുന്ന വിധ്വംസക ആശയങ്ങള്‍ക്കെതിരെ ശക്‌തമായ നിലപാടുകള്‍ സ്വീകരിക്കുകയും പ്രചാരണം നടത്തുകയും ചെയ്‌ത പാരമ്പര്യമാണ് സുന്നികളുടെത്. മത വര്‍ഗീയതയും രാഷ്‌ട്രീയ വര്‍ഗീയതയും സമൂഹത്തെ ശിഥിലമാക്കും. വര്‍ഗീയതയെ നിരാകരിക്കാന്‍ സമുദായ സംഘടനകളും പാര്‍ട്ടികളും സന്നദ്ധമാകണം” കാന്തപുരം അഭിപ്രായപ്പെട്ടു.

സലഫിസം പൊളിറ്റിക്കല്‍ ഇസ്‌ലാം പോലുള്ള സമുദായത്തിനകത്തെ പ്രതിലോമ മൂവ്‌മെന്റുകളെ സമസ്‌ത ശക്‌തമായി എതിര്‍ത്തിട്ടുണ്ട്. ആശയ വിമര്‍ശം ഇനിയും തുടരും. ആശയ വിയോജിപ്പുകള്‍ക്കിടയിലും മനുഷ്യരുടെ ഐക്യം സമസ്‌ത പ്രധാനമായി കാണുന്നു. പീഡിപ്പിക്കപ്പെടുന്ന മനുഷരോട് ഐക്യപ്പെടുന്നുവെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, പ്രമുഖ സാഹിത്യകാരൻ എംടി വാസുദേവൻ നായർ എന്നിവരുടെ നിര്യാണത്തിൽ കാന്തപുരം പ്രത്യേക അനുസ്‌മരണവും ചടങ്ങിൽ നിർവഹിച്ചു.

sys
കേരള യുവജന സമ്മേളനത്തിന്റെ ഉൽഘാടനം അമേരിക്കന്‍ പണ്ഡിതന്‍ ഡോ. യഹ്‌യ റോഡസ് നിർവഹിക്കുന്നു. വേദിയില്‍ റവന്യൂ മന്ത്രി അഡ്വ. കെ രാജന്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, ഡോ. എപി അബ്‌ദുൽ ഹക്കീം അസ്ഹരി കാന്തപുരം തുടങ്ങിയവർ.

പ്രമുഖ അമേരിക്കന്‍ പണ്ഡിതന്‍ യഹിയ റോഡസ് സമ്മേളനം ഉദ്ഘാടനം ചെയ്‌തു. മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി പ്രാര്‍ഥന നടത്തി. എസ്‌വൈഎസ്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി അധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി അഡ്വ കെ രാജന്‍, പേരോട് അബ്‌ദുര്‍റഹ്‌മാന്‍ സഖാഫി, വണ്ടൂര്‍ അബ്‌ദുര്‍റഹ്‌മാന്‍ ഫൈസി, എം മുഹമ്മദ് സഖാഫി സംസാരിച്ചു.

k rajan
കേരള യുവജന സമ്മേളനത്തിലെ ഉൽഘാടന വേദിയില്‍ അഡ്വ കെ രാജന്‍ പ്രഭാഷണം നടത്തുന്നു

സമ്മേളനം ശനിയും ഞായറും കൂടി നീണ്ടു നിൽക്കും. നാളെ രാവിലെ പത്തിന് ഫ്യൂച്ചര്‍ കേരള സമ്മിറ്റ് വ്യവസായ മന്ത്രി പി രാജീവ് ഉൽഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് പൗരാവകാശ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൽഘാടനം ചെയ്യും. കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. അഡ്വ. ഹാരിസ് ബീരന്‍ എംപി പ്രഭാഷണം നടത്തും.

നെക്‌സ്‌റ്റ്‌ജെന്‍ കോണ്‍ക്‌ളേവ്, ഹിസ്‌റ്ററി ഇന്‍സൈറ്റ്, കള്‍ചറല്‍ ഡയലോഗ് എന്നീ ഉപ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നു. പതിനായിരം സ്‌ഥിരം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 25,000 അതിഥി പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രതിദിന സായാഹ്ന ആശയ സമ്മേളനവും നടക്കും. വിപുലമായ എക്‌സ്‌പോയും ദേശീയ പ്രതിനിധി സംഗമവും സമ്മേളനത്തിന്റെ ഭാഗമാണ്.

Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE