ബെംഗളൂരു: പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയുടെ അറസ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി. ജൂൺ 17ന് കേസിന്റെ അടുത്ത വിചാരണ നടക്കുന്നത് വരെ യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു.
കേസിൽ ബെംഗളൂരു കോടതി യെദ്യൂരപ്പക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് യെദ്യൂരപ്പ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 17 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ യെദ്യൂരപ്പക്കെതിരെ മാർച്ച് 14നാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.
പെൺകുട്ടിയുടെ അമ്മയാണ് സദാശിവ് നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവമെന്നും പോലീസ് അറിയിച്ചു. ഒരു വഞ്ചനാക്കേസുമായി ബന്ധപ്പെട്ട് യെദ്യൂരപ്പയോട് പരാതി പറയാൻ ചെന്നപ്പോഴായിരുന്നു ദുരനുഭവമെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം, ആരോപണങ്ങളെല്ലാം യെദ്യൂരപ്പ നിഷേധിച്ചിരുന്നു.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ