കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു നിർണായക വെളിപ്പെടുത്തലുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കരുവന്നൂർ ബാങ്കിലെ വായ്‌പകൾ നിയന്ത്രിച്ചത് സിപിഎം ആണെന്നാണ് കണ്ടെത്തൽ. സിപിഎം പാർലമെന്ററി സമിതിയാണ് വായ്‌പ അനുവദിച്ചത്. അനധികൃത വായ്‌പകൾക്ക് പാർട്ടി പ്രത്യേക മിനുട്ട്സ് സൂക്ഷിച്ചിരുന്നെനും ഇഡി കണ്ടെത്തിയിട്ടുണ്ട്.
സ്വത്ത് കണ്ടുകെട്ടിയ റിപ്പോർട്ടിലാണ് ഇഡിയുടെ വെളിപ്പെടുത്തൽ. മുൻ ബാങ്ക് മാനേജർ ബിജു കരീം ആണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും റിപ്പോർട്ടിലുണ്ട്. 35 പേരുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഒന്നാം പ്രതി സതീഷ് കുമാറിന്റെയും ഭാര്യയുടെയും പേരിലുള്ള 24 വസ്‌തുക്കൾ കണ്ടുകെട്ടി. സതീഷ് കുമാറിന് വിവിധ ബാങ്കുകളിലായി 46 അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്. ഇവയിൽ ഉണ്ടായിരുന്ന ഒരുകോടിയിലേറെ രൂപയും കണ്ടുകെട്ടി.
സിപിഎം കൗൺസിലർ പിആർ അരവിന്ദാക്ഷന്റെ നാല് അക്കൗണ്ടുകളും കണ്ടുകെട്ടി. പെരിങ്ങണ്ടൂർ ബാങ്കിലെ അക്കൗണ്ടിലൂടെ ഒരു കോടിയിലേറെ രൂപയുടെ ഇടപാട് നടന്നുവെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു. കേരളത്തിലും കർണാടകയിലുമായി 117 ഇടങ്ങളിലെ 57.75 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഇതിൽ 11 വാഹനങ്ങൾ, 92 ബാങ്ക് നിക്ഷേപങ്ങൾ എന്നിവയും ഉൾപ്പെടുമെന്ന് ഇഡി വ്യക്‌തമാക്കി.
കേസ് അന്വേഷണത്തിനിടെ ഇതുവരെ ആകെ 87.75 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. അന്വേഷണം പുരോഗമിക്കുകയാന്നെയും ഉദ്യോഗസ്‌ഥർ അറിയിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കേരള പോലീസിൽ രജിസ്‌റ്റർ ചെയ്‌ത കേസിന്റെ അടിസ്‌ഥാനത്തിലാണ് ഇഡി അന്വേഷണം.
Most Read| ആഗോള പട്ടിണി സൂചിക; ഇന്ത്യ 111ആം സ്‌ഥാനത്ത്- പോഷകാഹാര കുറവും കൂടുതൽ!







































