ന്യൂഡെൽഹി: 125 രാജ്യങ്ങൾ ഉൾപ്പെട്ട ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 111ആം സ്‌ഥാനത്ത്. (Global Hunger Index) കഴിഞ്ഞ വർഷം 121 രാജ്യങ്ങളുടെ പട്ടികയിൽ 107ആം സ്‌ഥാനത്തായിരുന്നു ഇന്ത്യ. ഇന്ത്യയിൽ ഉയരത്തിനനുസരിച്ചു ആരോഗ്യം ഇല്ലാത്ത അവസ്‌ഥയിലാണ് നല്ലൊരു ശതമാനം കുട്ടികളെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, റിപ്പോർട് തള്ളി കേന്ദ്ര സർക്കാർ രംഗത്തെത്തിയിട്ടുണ്ട്.
ഇന്നലെയാണ് പട്ടിണി സൂചിക പുറത്തുവിട്ടത്. ഇന്ത്യയിൽ കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ പാകിസ്‌താനും ബംഗ്ളാദേശും നേപ്പാളും ശ്രീലങ്കയും ഇന്ത്യയേക്കാൾ മെച്ചപ്പെട്ട റാങ്കിലാണ് ഉള്ളത്. പാകിസ്‌താൻ (102), ബംഗ്ളാദേശ് (81), നേപ്പാൾ (69), ശ്രീലങ്ക (60) എന്നീ സ്‌ഥാനങ്ങളിലാണ് ഈ രാജ്യങ്ങളുള്ളത്.
ദക്ഷിണേഷ്യയും സബ്-സഹാറൻ ആഫ്രിക്കയുമാണ് ഏറ്റവും കൂടുതൽ പട്ടിണിയുള്ള പ്രദേശങ്ങൾ. പട്ടിണി ഇവിടെ അതിതീവ്രമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശിശുക്കളുടെ പോഷകാഹാരക്കുറവ് ഏറ്റവും കൂടുതൽ ഇന്ത്യയിലാണ്. 18.7 ശതമാനം പോഷകാഹാക്കുറവാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയത്. 15നും 24നും ഇടയിലുള്ള പെൺകുട്ടികളിൽ ശരിയായ പോഷണം ലഭിക്കാത്തവർ 58.1 ശതമാനമാണ്. ശിശുമരണ നിരക്ക് 3.1 ശതമാനവും രേഖപ്പെടുത്തി.
പട്ടിണി സൂചികയിൽ 28.7 സ്‌കോറാണ് ഇന്ത്യക്ക് ലഭിച്ചത്. ഇന്ത്യയിൽ പട്ടിണിയുടെ തോത് ഗുരുതമരമാണെന്നാണ് വിലയിരുത്തൽ. എന്നാൽ, ഇന്ത്യയുടെ യഥാർഥ സാഹചര്യവുമായി പൊരുത്തപ്പെടുന്നതല്ല ഈ റിപ്പോർട്ടെന്നാണ് ശിശുക്ഷേമ മന്ത്രാലയം വ്യക്‌തമാക്കുന്നത്. റിപ്പോർട്ടിൽ ഗുരുതരമായ പിഴവുകൾ ഉണ്ട്. പിന്നിൽ ദുരുദ്ദേശ്യം നടന്നിട്ടുണ്ടെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.
സൂചിക കണക്കാക്കാൻ ഉപയോഗിക്കുന്ന നാല് സൂചകങ്ങളിൽ മൂന്നെണ്ണവും കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണെന്നും മുഴുവൻ ജനസംഖ്യയെ പ്രതിനിധീകരിക്കുന്നില്ലെന്നും സർക്കാർ വ്യക്‌തമാക്കി. നാലാമത്തെ സുപ്രധാന സൂചികയായ പോഷകാഹാരക്കുറവ് അഭിപ്രായ സർവേയിലൂടെയാണ് കണ്ടെത്തിയതെന്നും മന്ത്രാലയം കുറ്റപ്പെടുത്തി. അതിനായി വെറും മൂവായിരം പേരുടെ സാമ്പിളുകൾ മാത്രമാണ് ഉപയോഗിച്ചതെന്നും മന്ത്രാലയം ആരോപിക്കുന്നു.
കുട്ടികളുടെ ഡാറ്റ സംബന്ധിച്ച വിവരങ്ങൾ ഏപ്രിൽ 2023 മുതൽ പോഷൻ ട്രാക്കറിൽ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. അതിൽ കുട്ടികളുടെ പോഷകാഹാരക്കുറവ് കുറഞ്ഞിട്ടുണ്ട്. 7.2 ശതമാനത്തിലും താഴെയാണിത്. എന്നാൽ, ആഗോള പട്ടികയിൽ ഇത് 18.7 ശതമാനമായി ഉയർന്നിരിക്കുന്നത് എങ്ങനെയെന്ന് മനസിലാകുന്നിലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
എന്താണ് ആഗോള പട്ടിണി സൂചിക (Global Hunger Index)
ആഗോള പട്ടിണി സൂചിക എന്നത് ആഗോളതലത്തിൽ വിശപ്പ് അളക്കാനും ട്രാക്ക് ചെയ്യാനും ഉപയോഗിക്കുന്ന ഒരു ഉപകരണമാണ്. അയർലൻഡ്, ജർമനി എന്നിവിടങ്ങളിലെ സർക്കാരിതര സംഘടനകളായ കാൻസേൻ വേൾഡ് വൈഡും വെൽത്തുങ്കർഹിൽഫും ചേർന്നാണ് പട്ടിണി സൂചിക തയ്യാറാക്കുന്നത്. എല്ലാ വർഷവും ഒക്‌ടോബറിലാണ് ഈ പട്ടിക പുറത്തിറക്കുക.
പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശിശു ക്ഷയം, കുട്ടികളുടെ വളർച്ച മുരടിപ്പ് എന്നിവ പ്രധാന മാനദണ്ഡങ്ങളാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. പട്ടിണിയുടെ വിവിധ വശങ്ങളെ അടിസ്‌ഥാനമാക്കി ഒരു സംഖ്യാ സ്‌കോർ നൽകി ദേശീയ, പ്രദേശിക, ആഗോള വിശപ്പിന്റെ ബഹുമുഖമായ അളവുകോൽ ആഗോള പട്ടിണി സൂചിക അവതരിപ്പിക്കുന്നു. രാജ്യങ്ങളെ പിന്നീട് സ്‌കോർ ഉപയോഗിച്ച് റാങ്ക് ചെയ്യുകയും മൂന്ന് റഫറൻസ് വർഷങ്ങളിലെ മുൻ സ്‌കോറുമായി താരതമ്യം ചെയ്യുകയും ചെയ്യുന്നു.
Most Read| 23,000 വർഷം പഴക്കംചെന്ന മനുഷ്യ കാൽപ്പാടുകൾ; ഞെട്ടലോടെ ശാസ്‌ത്രലോകം!