തൃശൂർ: തൃശൂർ കരുവന്നൂർ സർവീസ് സഹകരണബാങ്ക് ക്രമക്കേടിൽ പോലീസ് കേസെടുത്ത് ഇന്നേയ്ക്ക് ഒരു വർഷം. 300 കോടി രൂപയുടെ തട്ടിപ്പിൽ ഇനിയും കുറ്റപത്രം നൽകിയിട്ടില്ല. നിക്ഷേപകർക്ക് പണം ലഭ്യമാക്കാനുള്ള നടപടികളും എങ്ങുമെത്താതെ തുടരുകയാണ്. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ 300 കോടി രൂപയിലധികം വരുന്ന സാമ്പത്തിക ക്രമക്കേടിൽ ഇനിയും കുറ്റപത്രം നൽകിയിട്ടില്ല. കേസ് നിലവിൽ അന്വേഷിക്കുന്നത് ക്രൈം ബ്രാഞ്ച് ആണ്.
11 ഭരണസമിതിയംഗങ്ങളെയും ആറ് ഇടനിലക്കാരെയും അറസ്റ്റ് ചെയ്തെങ്കിലും ഭൂരിഭാഗം പേർക്കും ജാമ്യം ലഭിച്ചു. തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടി സസ്പെൻഷനിലായ 16 ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു. പക്ഷെ പതിനൊന്നായിരത്തോളം നിക്ഷേപകരുടെ പണം മാത്രം തിരികെ കിട്ടാൻ നടപടികളെങ്ങും എത്തിയിട്ടില്ല.
ജില്ലയിലെ സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് പണം ലഭ്യമാക്കാനുള്ള ഇടപെടലുണ്ടാകുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സർക്കാർ വാഗ്ദാനം. അതും ഫലം കണ്ടില്ല. ഇതോടെ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് വീണ്ടുമിറങ്ങേണ്ട ഗതികേടാണ് നിക്ഷേപകർക്ക്.
സംസ്ഥാന സർക്കാരിന്റെ ഏജൻസികൾക്ക് കീഴിലുള്ള അന്വേഷണത്തിൽ നീതിയുണ്ടാകില്ലെന്ന് ആരോപിച്ച് സിബിഐ ഇടപെടൽ തേടിയുള്ള ആക്ഷൻ കൗൺസിലിന്റെ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നാല് പതിറ്റാണ്ടിലേറെയായി സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് കരുവന്നൂർ സഹകരണ ബാങ്കിലേത്. ക്രമക്കേടിൽ ജില്ലാ നേതൃത്വത്തിനും പങ്കുണ്ടെന്ന ആരോപണവുമായി നേരത്തെ ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിരുന്നു.
Read Also: മഴ ഇന്നും തുടർന്നേക്കും; 12 ജില്ലകളിൽ യെല്ലോ അലർട്