കാസർഗോഡ്: കുമ്പളയിൽ ബിജെപിയിൽ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ സമവായ നീക്കത്തിനൊരുങ്ങി പാർട്ടി നേതൃത്വം. കുമ്പള പഞ്ചായത്തിലെ രണ്ട് സ്‌ഥിരം സമിതി അധ്യക്ഷൻമാരോട് പാർട്ടി നേതൃത്വം രാജി ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. ജില്ലയിലെ പാർട്ടി പ്രവർത്തകർ കൂട്ടരാജി ഉൾപ്പടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന ആശങ്ക നിലനിൽക്കുന്നതിനാലാണ് ബിജെപി നേതൃത്വം സമവായത്തിനുള്ള നീക്കങ്ങൾ നടത്തുന്നത്.
കുമ്പള പഞ്ചായത്ത് സ്‌റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ സിപിഐഎം-ബിജെപി കൂട്ടുകെട്ടിനെതിരെയാണ് പ്രവർത്തകർക്കിടയിൽ തന്നെ പ്രതിഷേധം ശക്‌തമാകുന്നത്. സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ നേരിട്ടെത്തി ചർച്ച നടത്തണമെന്നും, കുമ്പള പഞ്ചായത്തിലെ സിപിഐഎം കൂട്ടുകെട്ട് അവസാനിപ്പിച്ച് സംസ്‌ഥാന നേതൃത്വം മാപ്പ് പറയണമെന്നുമാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്. കൂട്ടുകെട്ടിനെതിരെ രണ്ട് ദിവസം മുൻപ് ബിജെപി പ്രവർത്തകർ ജില്ലാ കമ്മിറ്റി ഓഫിസ് ഉപരോധിച്ചിരുന്നു. ജില്ലാ കമ്മിറ്റി ഓഫിസ് താഴിട്ട് പൂട്ടുകയും ചെയ്‌തിരുന്നു.
ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ രാജിവെച്ചിരുന്നു. കുമ്പള പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ കൊഗ്‌ഗുവാണ് രാജിവെച്ചത്. ബിജെപി പിന്തുണയോടെ ആയിരുന്നു സിപിഐഎം അംഗമായ കൊഗ്‌ഗു പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷ സ്‌ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തങ്ങളുടെ സമരം ബിജെപിക്ക് എതിരല്ല, പാർട്ടിയുടെ ബലിദാനികൾക്ക് വേണ്ടിയാണ് എന്നും പ്രതിഷേധക്കാർ പറയുന്നു. കുമ്പള സ്‌റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുതിർന്ന നേതാക്കളായ സുരേഷ് കുമാർ ഷെട്ടി, ശ്രീകാന്ത്, മണികണ്‌ഠ റേ എന്നിവർ സിപിഐഎമ്മുമായി ഒത്തുകളിച്ചു.
ഇവർക്കെതിരെ നടപടി എടുക്കാൻ നേതൃത്വം തയ്യാറായില്ലെന്നാണ് ആരോപണം. കെ സുരേന്ദ്രൻ ഇന്നലെ കാസർഗോഡ് ജില്ലയിൽ സന്ദർശനം നടത്തുമെന്ന് അറിയിച്ചിരുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. എന്നാൽ, സുരേന്ദ്രൻ ജില്ലയിൽ എത്തിയില്ല. സുരേന്ദ്രൻ നേരിട്ടെത്തി തങ്ങളോട് ചർച്ച നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപെടുന്നു. വിഷയം ചൂണ്ടിക്കാട്ടി പാർട്ടി ദേശീയ നേതൃത്വത്തെ സമീപിക്കുമെന്നും പ്രവർത്തകർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
Most Read: മുഖം മറച്ചില്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടും; സ്‌ത്രീകൾക്ക് താലിബാന്റെ മുന്നറിയിപ്പ്








































