മലപ്പുറം: സിപിഎം കൂട്ടുകെട്ട് ആരോപിച്ച് കാസർഗോഡ് ബിജെപി ജില്ലാ ഓഫിസ് താഴിട്ട് പൂട്ടിയ സംഭവത്തിൽ സിപിഎമ്മിന് എതിരെ പരിഹാസവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. “സിപിഎമ്മുമായി കൂട്ടുകെട്ടുണ്ടാക്കിയതിന് ബിജെപി ഓഫിസ് ബിജെപി പ്രവര്‍ത്തകര്‍ പൂട്ടി. ബിജെപിയുമായി അവിശുദ്ധ ബന്ധമുണ്ടാക്കിയതിന് എകെജി സെന്ററിന് പൂട്ടിടാന്‍ ആ പാര്‍ട്ടിയില്‍ ആരുമില്ലേ?”- എന്നാണ് പികെ ഫിറോസ് ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നത്.
കുമ്പള പഞ്ചായത്ത് സ്‌റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ സിപിഎം-ബിജെപി കൂട്ടുകെട്ടിനെതിരെയാണ് കാസർഗോഡ് ബിജെപി പ്രവർത്തകർ പ്രതിഷേധം നടത്തിയത്. തുടർന്ന് പ്രവർത്തകർ ജില്ലാ കമ്മിറ്റി ഓഫിസ് താഴിട്ട് പൂട്ടി. സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ നേരിട്ടെത്തി ചർച്ച നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
കുമ്പള പഞ്ചായത്തിലെ സിപിഎം കൂട്ടുകെട്ട് അവസാനിപ്പിച്ച് സംസ്‌ഥാന നേതൃത്വം മാപ്പ് പറയണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ തിരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മും ഒത്തുകളിച്ചെന്നാണ് പ്രവർത്തകരുടെ ആരോപണം. കെ സുരേന്ദ്രന് എതിരെ ഉൾപ്പടെ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.
കുമ്പള സ്‌റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുതിർന്ന നേതാക്കളായ സുരേഷ് കുമാർ ഷെട്ടി, ശ്രീകാന്ത്, മണികണ്‌ഠ റേ എന്നിവർ സിപിഎമ്മുമായി ഒത്തുകളിച്ചു. ഇവർക്കെതിരെ നടപടി എടുക്കാൻ നേതൃത്വം തയ്യാറായില്ല. പകരം ഇവർക്ക് പാർട്ടിയിൽ ഉന്നത സ്‌ഥാനങ്ങൾ നൽകുകയാണ് ചെയ്‌തത്. വിഷയത്തിൽ സംസ്‌ഥാന അധ്യക്ഷന് ഉൾപ്പടെ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് ആരോപണം.
കെ സുരേന്ദ്രൻ ഇന്ന് കാസർഗോഡ് ജില്ലയിൽ സന്ദർശനം നടത്തുമെന്ന് അറിയിച്ചിരുന്ന സാഹചര്യത്തിൽ കൂടിയാണ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. വിഷയം ചൂണ്ടിക്കാട്ടി പാർട്ടി ദേശീയ നേതൃത്വത്തെ സമീപിക്കുമെന്നും ബിജെപി പ്രവർത്തകർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.Most Read: ‘ജയിലിൽ ദിലീപിന് ഹെയർ ഡൈ ഉൾപ്പടെ എത്തിച്ചു; ഡിജിപിയുടെ കരുണ വിചിത്രം’