കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ പിന്തുണച്ച് കൊണ്ടുള്ള മുന്‍ ജയില്‍ മേധാവി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ക്ക് എതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍. നടന്‍ ദിലീപ് ജയിലില്‍ ദുരിതം അനുഭവിച്ചു എന്ന ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലുകളാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ചോദ്യം ചെയ്യുന്നത്.
ജയിലില്‍ നടന്‍ ദിലീപ് ബുദ്ധിമുട്ട് അനുഭവിച്ചു എന്ന ശ്രീലേഖയുടെ വാദം തെറ്റാണ്. ജയിലില്‍ ദിലീപിന് എല്ലാ സൗകര്യങ്ങളും ലഭിച്ചിരുന്നതായി തനിക്കറിയാം. ദിലീപിന് ഭക്ഷണവും വെള്ളവും ഹെയര്‍ഡൈ ഉള്‍പ്പടെ വീട്ടില്‍നിന്നും എത്തിച്ചതായി തനിക്ക് അറിയാമെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. താന്‍ ജയിലില്‍ സന്ദര്‍ശിച്ചപ്പോള്‍ ദിലീപ് സന്തോഷവാനായിരുന്നു. ജയിലില്‍ കഴിയുമ്പോള്‍ പല ബിസിനസ് ചര്‍ച്ചകളും നടത്തിയിരുന്നതായും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി.
സഹ തടവുകാരനായ പോക്കറ്റടിക്കാരനില്‍ നിന്നും പിക്‌പോക്കറ്റ് സിനിമയിലേക്ക് ആവശ്യമായ വിവരങ്ങള്‍ ദിലീപ് ശേഖരിക്കുകയും അനൂപ് തനിക്ക് കൈമാറുകയും ചെയ്‌തതായി ബാലചന്ദ്രകുമാര്‍ വ്യക്‌തമാക്കി. മുന്‍ ജയില്‍ മേധാവിക്ക് മറ്റ് തടവുകാരോട് തോന്നാത്ത കരുണ ദിലീപിനോട് തോന്നിയത് വിചിത്രമാണെന്നും ബാലചന്ദ്രകുമാര്‍ സംശയം പ്രകടിപ്പിച്ചു.
കഴിഞ്ഞദിവസം മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ ശ്രീലേഖ ദിലീപ് ജയിലില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ടെന്ന് പറഞ്ഞത്. ജയില്‍ ഡിജിപി ആയിരിക്കെ ദിലീപിന് കൂടുതല്‍ സൗകര്യം ഏര്‍പ്പാടാക്കി എന്ന തരത്തില്‍ പ്രചാരണം നടന്നിരുന്നു. തനിക്കെതിരെ വളരെ വലിയ പ്രതിഷേധം ഉണ്ടായി. എന്നാല്‍, അപവാദം വന്നതിന് ശേഷമാണ് ആലുവ സബ് ജയിലില്‍ പോകുന്നത്. അവിടെ കണ്ട കാഴ്‌ച കരളലിയിക്കുന്നതായിരുന്നു. വെറും തറയില്‍ മൂന്ന് നാല് ജയില്‍ വാസികള്‍ക്കൊപ്പം കിടക്കുകയാണ് ദിലീപ്, വിറയ്‌ക്കുന്നുണ്ട്. അഴിയില്‍ പിടിച്ച് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ വീണ് പോയി.
സ്‌ക്രീനില്‍ കാണുന്നയാളാണോ ഇതെന്ന് തോന്നിപ്പോയി. അത്ര വികൃതമായിട്ടുള്ള രൂപാവസ്‌ഥ. ഞാനയാളെ പിടിച്ചുകൊണ്ട് വന്ന് സൂപ്രണ്ടിന്റെ മുറിയില്‍ ഇരുത്തി. ഒരു കരിക്ക് കൊടുത്തു. രണ്ട് പായയും, ബ്‌ളാങ്കറ്റും നല്‍കാന്‍ പറഞ്ഞു. ചെവിയുടെ ബാലന്‍സ് ശരിയാക്കാന്‍ ഡോക്‌ടറെ വിളിച്ചു. പോഷകാഹാരം കൊടുക്കാന്‍ ഏര്‍പ്പാടാക്കിയെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
Most Read: ന്യൂസിലാൻഡ് തീരത്ത് പ്രേത സ്രാവ്! കൗതുകവും ഭയവും തോന്നുന്നെന്ന് സോഷ്യൽ മീഡിയ