മുത്തും പവിഴവും തുടങ്ങി ആഴക്കടലിലെ കണ്ണഞ്ചിപ്പിക്കുന്ന മനോഹര കാഴ്‌ചകളെ കുറിച്ച് കണ്ടും കേട്ടും അനുഭവിച്ചവർ നിരവധിയാണ്. എന്നാൽ കാഴ്‌ചയിൽ അത്ര സുന്ദരമല്ലാത്തതും ഭയപ്പെടുത്തുന്നതുമായ കാഴ്‌ചകളും കടലിന്റെ അടിത്തട്ടിൽ ഒളിഞ്ഞുകിടക്കുന്നുണ്ട്.
അത്തരത്തിൽ ഒന്നിനെയാണ് കഴിഞ്ഞ ദിവസം ന്യൂസിലാൻഡ് തീരത്തുനിന്ന് കണ്ടെത്തിയിരിക്കുന്നത്. ഡ്രാക്കുള കഥകളെ ഓർമിപ്പിക്കുന്ന രൂപത്തിലുള്ള ഒരു കുഞ്ഞന്‍ സ്രാവിനെയാണ് തെക്കന്‍ ദ്വീപില്‍ നിന്നും കണ്ടെത്തിയത്. ഇത് പ്രേതസ്രാവെന്ന വിചിത്രമായ പേരില്‍ അറിയപ്പെടുന്ന ജീവിയുടെ കുഞ്ഞാണെന്ന് ശാസ്‌ത്രജ്‌ഞര്‍ തിരിച്ചറിയുക കൂടി ചെയ്‌തതോടെ സംഭവം ലോകശ്രദ്ധ ആകര്‍ഷിച്ചു.
നാഷണല്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് റിസര്‍ച്ച് സംഘത്തിന്റെ കയ്യിൽ വളരെ യാദൃശ്‌ചികമായാണ് കുഞ്ഞന്‍ പ്രേതസ്രാവ് എത്തിപ്പെടുന്നത്. വലിയ കറുത്ത കണ്ണുകളും ഗ്ളാസ് പോലുള്ള ത്വക്കും കൂര്‍ത്ത തലയുമാണ് ഇതിനുള്ളത്.
ഈ ജീവിയെ കണ്ടതിലെ കൗതുകം നിറഞ്ഞ അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ ഇത് ഗോസ്‌റ്റ് ഷാര്‍ക്കിന്റെ കുഞ്ഞാണെന്ന നിഗമനത്തിലേക്ക് ശാസ്‌ത്രജ്‌ഞരെ എത്തിക്കുകയായിരുന്നു. ആഴക്കടലില്‍ വളരെ അപൂര്‍വമായി മാത്രം കാണുന്ന ജീവിയാണ് ഗോസ്‌റ്റ് ഷാര്‍ക്കുകള്‍. ഇരുട്ടില്‍ നിന്ന് വല്ലപ്പോഴും മാത്രം പൊങ്ങിവരുന്ന ഇവ പലപ്പോഴും ആഴക്കടലിൽ എത്തുന്നവരെ ഭയപ്പെടുത്താറുണ്ട്.
ആഴക്കടലിലെ അപൂര്‍വ മൽസ്യങ്ങളെയും മറ്റും കണ്ടെത്തുക പ്രയാസമാണെങ്കിലും പ്രേതസ്രാവുകളെ, അവയുടെ ശരീരത്തിന്റെ തെളിച്ചം കൊണ്ട് ഇരുട്ടില്‍നിന്നും താരതമ്യേനെ എളുപ്പത്തില്‍ കണ്ടെത്താനാകും. ജനിച്ച് അധികം ദിവസങ്ങള്‍ തികഞ്ഞിട്ടില്ലാത്ത പ്രേതസ്രാവ് കുഞ്ഞിനെയാണ് ശാസ്‌ത്രജ്‌ഞർക്ക് കിട്ടിയിരിക്കുന്നത്. ജനിതക പരിശോധന നടത്തി പ്രേത സ്രാവുകളെക്കുറിച്ച് കൂടുതല്‍ പഠിക്കാനാണ് ശാസ്‌ത്രജ്‌ഞരുടെ തീരുമാനം.
Most Read: പട്ടാപ്പകൽ കറങ്ങാനിറങ്ങി പോലീസ് പൊക്കി; പ്രതിയെ കണ്ട് പൊട്ടിച്ചിരിച്ച് ആളുകൾ