ചെന്നൈ: കോർപറേഷനിൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള വനിതാ മേയറാകും. ചെന്നൈയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണിത്. കോമൺവെൽത്ത് രാജ്യങ്ങളിൽ ഏറ്റവും പഴക്കമുള്ള കോർപറേഷനാണ് ചെന്നൈ. 1688ൽ രൂപീകരിച്ച കോർപറേഷൻ ഇനി ദളിത് വനിതയാകും നയിക്കുക.
തമിഴ്‌നാട്ടിൽ ഇന്നലെ നടന്ന നഗര തദ്ദേശ തിരഞ്ഞെടുപ്പാണ് ചെന്നൈ കോർപറേഷന്റെ ചരിത്രം തിരുത്തുന്നത്. മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ആരോഗ്യമന്ത്രി എം സുബ്രഹ്‌മണ്യം തുടങ്ങി നിരവധി രാഷ്‌ട്രീയ പ്രമുഖരുടെ തുടക്കം ചെന്നൈ മേയർ സ്‌ഥാനത്ത് നിന്നായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന നഗര തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ചെന്നൈ കോർപറേഷൻ അധ്യക്ഷ സ്‌ഥാനം പട്ടികജാതി വനിതാ സംവരണമായി. ജാതീയത കൊടികുത്തി വാഴുന്ന തമിഴകത്ത് ഇത് വലിയ മുന്നേറ്റമാകും ഉണ്ടാക്കുക. മുൻപ് രണ്ട് സ്‌ത്രീകൾ ചെന്നൈ മേയർ സ്‌ഥാനം വഹിച്ചിട്ടുണ്ട്, താര ചെറിയാൻ (1957-1958), കാമാക്ഷി ജയരാമൻ (1971-1972). എന്നാൽ, ഇതാദ്യമായാണ് പട്ടികജാതി വിഭാഗത്തിൽ പെട്ട ഒരു വനിത ഈ പദവിയിലേക്ക് എത്തുന്നത്.
ബ്രിട്ടൺ രാജാവായിരുന്ന ജെയിംസ് രണ്ടാമന്റെ ഉത്തരവനുസരിച്ചാണ് 1688ൽ മദ്രാസ് കോർപറേഷൻ രൂപീകരിച്ചത്. പിന്നീട് ചെന്നൈയായും വിശാല ചെന്നൈ കോർപറേഷനായും പേരുമാറി. എങ്കിലും രാജ്യത്തെ മറ്റ് നഗരസഭാ കേന്ദ്രങ്ങളേക്കാൾ ഒരുപടി മുന്നിലാണ് റിപ്പൺ മാളിക. സിറ്റി ഓഫ് ലണ്ടന് ശേഷം ഏറ്റവും പുരാതനമായ കോർപറേഷന്റെ തലപ്പത്തിരിക്കാൻ ഇന്നുവരെ ഒരു ദളിത് വ്യക്‌തിക്കോ വനിതക്കോ ആയിട്ടില്ല.
കഴിഞ്ഞ ആറ് കൊല്ലമായി റിപ്പൺ മാളിക നാഥനില്ലാ കളരിയായിരുന്നു. വോട്ടർ പട്ടികയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 2016 ഒക്‌ടോബറിൽ കോർപറേഷൻ ഉദ്യോഗസ്‌ഥ ഭരണത്തിലായി. ചെന്നൈ മേയർ സ്‌ഥാനം സംസ്‌ഥാന രാഷ്‌ട്രീയത്തിലേക്കുള്ള പ്രവേശന കവാടം കൂടിയാണ്. മേയറാകുന്ന വനിത അടുത്ത കാലത്ത് തന്നെ സംസ്‌ഥാന രാഷ്‌ട്രീയത്തിലേക്ക് എത്തുമെന്ന കാര്യത്തിൽ സംശയമില്ല. ആരാകും മേയർ സ്‌ഥാനത്തേക്ക് എത്തുന്ന വനിത എന്ന് ഉറ്റുനോക്കുകയാണ് സംസ്‌ഥാനം.
Most Read: കാഴ്‌ചയിൽ കുഞ്ഞൻ, ഭാരത്തിൽ കേമൻ; ചില്ലറക്കാരനല്ല ഈ ‘സ്‌ട്രോബെറി’