കാസർഗോഡ്: ജില്ലയിൽ എയിംസ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് നവംബർ 17ന് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. ഒരു മെഡിക്കൽ കോളേജ് പോലും ഇല്ലാത്ത ജില്ലയിൽ കോവിഡ് കാലത്ത് മതിയായ ചികിൽസ ലഭിക്കാതെ 20 മരിച്ചിട്ടും എയിംസിനായി ജില്ലയെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
2018ൽ എയിംസ് ആരംഭിക്കണം എന്നാവശ്യപ്പെട്ട് ജില്ലയിൽ ജനകീയ കൂട്ടായ്മ വിദ്യാർഥികളുമായി പ്രക്ഷോഭത്തിന് ഇറങ്ങിയിരുന്നു. എന്നാൽ, പിന്നാലെയുണ്ടായ മഹാപ്രളയത്തിൽ പ്രക്ഷോഭത്തിന്റെ വീര്യം കുറഞ്ഞു. തുടർന്ന് കോവിഡ് വന്നതോടെ കാസർഗോഡിന്റെ ദുരിതം ലോകമറിഞ്ഞു. കർണാടകയിലേക്കുള്ള റോഡുകൾ അടച്ചപ്പോൾ ചികിൽസ തേടി ജില്ലയിൽ നിന്ന് മംഗളൂരുവിലേക്ക് പോയവരുടെ വണ്ടികൾ തടഞ്ഞു. ചികിൽസ കിട്ടാതെ 20 പേർ മരിക്കുകയും ചെയ്തു.
ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ബഹുജന കൂട്ടായ്മ നടത്തുന്നത്. ആവശ്യത്തിലേറെ ചികിൽസാ സൗകര്യങ്ങളുള്ള ജില്ലകളിലേക്ക് തന്നെ ഉന്നത ചികിൽസാ കേന്ദ്രങ്ങളെയും പരിഗണിക്കുന്നത് നീചമായ പ്രവൃത്തിയാണെന്ന് ജനകീയ കൂട്ടായ്മ ആരോപിച്ചു. കോവിഡ് ഇളവുകൾ കൂടി വന്നതോടെ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് ജനകീയ കൂട്ടായ്മയുടെ തീരുമാനം.
Most Read: സിനിമാ ചിത്രീകരണം തടസപ്പെടുത്തരുത്; ഫെഫ്ക പ്രതിപക്ഷ നേതാവിന് കത്തയച്ചു







































