കോഴിക്കോട്: കത്‌വാ കേസില്‍ അഭിഭാഷകര്‍ക്ക് പണം നൽകിയെന്ന യൂത്ത് ലീഗ് പ്രസ്‌താവനയിൽ പ്രതികരിച്ച് അഭിഭാഷക ദീപികാ സിംഗ് രജാവത്ത്. കത്‌വാ കേസ് താന്‍ പൂര്‍ണായും പണം വാങ്ങാതെയാണ് നടത്തിയതെന്നും കേരളത്തില്‍ നിന്ന് തനിക്ക് പണമൊന്നും ലഭിച്ചിട്ടില്ലെന്നും ലീഗ് പണം നല്‍കിയെന്ന് പറയുന്ന മുബീന്‍ ഫറൂഖിക്ക് കേസ് നടത്തിപ്പുമായി യാതൊരു ബന്ധവുമില്ലെന്നും ദീപികാ സിംഗ് രജാവത്ത് കൂട്ടിച്ചേര്‍ത്തു.
കത്‌വ, ഉന്നാവോ കേസുകളില്‍ കുടുംബത്തിന് നിയമസഹായം നല്‍കുന്നതിനായി പിരിച്ച പണത്തിൽ നിന്ന് കത്‌വ കേസിലെ അഭിഭാഷകര്‍ക്ക് 9,35,000 രൂപ നല്‍കിയെന്ന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് ഭാരവാഹികള്‍ വാര്‍ത്താസമ്മളേനം നടത്തി പറഞ്ഞിരുന്നു. അഭിഭാഷകനായ മുബീന്‍ ഫാറൂഖിക്കാണ് പണം നല്‍കിയതെന്നായിരുന്നു ഭാരവാഹികൾ വ്യക്‌തമാക്കിയത്.
എന്നാൽ പബ്ളിക് പ്രോസിക്യൂട്ടറാണ് വിചാരണ കോടതിയില്‍ കേസ് നടത്തുന്നത്. അദ്ദേഹത്തിന് പണം നല്‍കേണ്ട ആവശ്യമില്ലെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്; ദീപികാ സിംഗ് രജാവത്ത് പറഞ്ഞു. മുബീന്‍ ഫാറൂഖി വിചാരണയില്‍ പങ്കെടുത്തുവെന്ന് പറയുന്നത് തെറ്റാണെന്നും വിചാരണയുടെ ഒരു ഘട്ടത്തിലും ഫാറൂഖി പങ്കെടുത്തിട്ടില്ലെന്നും ഒരു സ്വകാര്യ അഭിഭാഷകനും വിചാരണ നടപടികളുടെ ഭാഗമായിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലമാണ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയത്. കത്‌വാ, ഉന്നാവോ പീഢനത്തിന് ഇരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ യൂത്ത് ലീഗ് നേതാക്കൾ സ്വകാര്യ ആവശ്യങ്ങൾക്ക് ചിലവഴിച്ചു എന്നായിരുന്നു ആരോപണം.
എന്നാൽ ഫണ്ട് തിരിമറി ആരോപണം അടിസ്‌ഥാന രഹിതമാണെന്ന വാദമുയർത്തി മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. കത്‌വാ പോലുള്ള വിഷയങ്ങളിൽ രാഷ്‌ട്രീയം കലർത്തുന്നത് ഖേദകരമെന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ യൂസഫ് പടനിലം ഉയർത്തിയ ആരോപണം ശരിവക്കുന്ന തരത്തിലാണ് സുപ്രീം കോടതിയലടക്കം കത്‌വാ കേസ് വാദിച്ച ദീപികാ സിംഗ് രജാവത്തിന്റെ പ്രസ്‌താവന.
Read also: ശബരിമല തന്നെ തിരഞ്ഞെടുപ്പിലെ പ്രധാനവിഷയം; കെ സുരേന്ദ്രൻ