തിരുവനന്തപുരം: സുരക്ഷിത യാത്ര ഉറപ്പാക്കാൻ കെഎസ്ആർടിസി ഡ്രൈവർമാർക്ക് നിർദ്ദേശങ്ങളുമായി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. സ്വകാര്യ ബസുകളുമായി മൽസരയോട്ടം വേണ്ടെന്നും അമിത വേഗം വേണ്ടെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയുടെ സോഷ്യൽ മീഡിയ പേജിലൂടെ എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ടെന്ന പേരിലിറക്കിയ വീഡിയോയിലാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
മദ്യപിച്ചു വാഹനമോടിക്കുന്ന ഡ്രൈവർമാരെ പിടികൂടി തുടങ്ങിയതോടെ അപകടങ്ങളും മരണങ്ങളും ഗണ്യമായി കുറഞ്ഞതായി മന്ത്രി വ്യക്തമാക്കി. ഒരാഴ്ച ഏഴ് അപകട മരണങ്ങൾ വരെയാണ് മുൻപ് റിപ്പോർട് ചെയ്തിരുന്നത്. ഇപ്പോഴത് ആഴ്ചയിൽ രണ്ടായി കുറഞ്ഞു. ചില ആഴ്ചകളിൽ അപകട മരണം ഉണ്ടായില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആകെ അപകടങ്ങളുടെ എണ്ണവും വലിയ രീതിയിൽ കുറഞ്ഞു. 35 അപകടങ്ങൾ ആഴ്ചയിൽ ഉണ്ടായിരുന്നത് 25 ആയി കുറഞ്ഞു. സ്വിഫ്റ്റ് ബസിൽ കഴിഞ്ഞ രണ്ടാഴ്ചയായി അപകട മരണമില്ലെന്നും മന്ത്രി പറഞ്ഞു. ബസുകൾ സമയക്രമം പാലിക്കണം, എന്നാൽ അമിത വേഗം വേണ്ട. ചെറിയ വാഹനങ്ങൾക്ക് പരിഗണന നൽകണം. വീടിന്റെ നാഥനായ ആൾ അപകടത്തിൽ മരിച്ചാൽ ആ കുടുംബം താറുമാറാകുമെന്നും മന്ത്രി ഓർമിപ്പിച്ചു.
ബസ് നിർത്തുമ്പോൾ ഇടതുവശം ചേർത്ത് നിർത്തണം. സ്റ്റോപ്പ് ആണെങ്കിലും ബസുകൾ സമാന്തരമായി നിർത്തരുത്. മറ്റു വാഹനങ്ങൾക്ക് അത് ബുദ്ധിമുട്ടാകും. വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന അകലം ഉണ്ടാകണം. സ്വകാര്യ ബസുകളും ഈ നിർദ്ദേശം പാലിക്കണം.
ബസ് ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ കർശന നടപടിയെടുക്കും. കൈ കാണിച്ചാൽ ബസ് നിർത്തണം. സ്റ്റോപ്പ് ഇല്ലെങ്കിലും രണ്ടോ മൂന്നോ ആളുകളുണ്ടെങ്കിൽ സൂപ്പർഫാസ്റ്റ് ആണെങ്കിലും നിർത്തണം. ആവശ്യപ്പെടുന്ന സ്റ്റോപ്പുകളിൽ ആളെ ഇറക്കണം. ബസുകൾക്ക് തകരാർ കണ്ടാൽ ഉടൻ തന്നെ മെക്കാനിക്കൽ വിഭാഗത്തിൽ റിപ്പോർട് ചെയ്യണമെന്നും മന്ത്രി നിർദ്ദേശം നൽകി.
Most Read| നീക്കം സിക്കിമിനെതിരെ? അതിർത്തിക്കടുത്ത് യുദ്ധവിമാനങ്ങൾ വിന്യസിച്ച് ചൈന