തിരുവനന്തപുരം: എഞ്ചിനീയറിംഗ് പരീക്ഷ ജൂൺ 5 മുതൽ 9 വരെയും ഫാർമസി പരീക്ഷ ജൂൺ 9 മുതൽ 10 വരെയുമാണ് നടന്നത്. ഫലപ്രഖ്യാപനം (KEAM Result 2024) ഇന്ന് ജൂൺ 20ന് ഉണ്ടാകുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ ഫലപ്രഖ്യാപനം ഇന്നുണ്ടാകില്ല. ഒരാഴ്ചക്കുള്ളിൽ ഉണ്ടായേക്കുമെന്നാണ് അധികൃതർ പറയുന്നത്. അതേസമയം, ഇക്കാര്യത്തിൽ ഉറപ്പില്ലെന്നും ഇതേ അധികാരികൾ പറയുന്നു.
കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മീഷണറാണ് ഫലം പ്രഖ്യാപിക്കുക. ഫലം കാത്തിരിക്കുന്ന ഉദ്യോഗാർഥികൾക്ക്, പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്സൈറ്റായ cee.kerala.gov.in-ൽ നിന്ന് ഫലം പരിശോധിക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യാവുന്നതാണ്.
കീം പരീക്ഷയുടെ കാര്യത്തിലും തീയതികൾ അവസാന നിമിഷം മാറ്റിയിരുന്നു. സമയക്രമവും വാക്കുപാലിക്കലും ഉൾപ്പടെയുള്ള മൂല്യങ്ങൾ കുട്ടികളെ പഠിപ്പിക്കേണ്ട വിവിധ വിദ്യാഭ്യാസവകുപ്പും അവയെ ചുറ്റിപ്പറ്റിയുള്ള വകുപ്പുകളും കെടുകാര്യസ്ഥതയുടെ അങ്ങേയറ്റമെന്നാണ് അധ്യാപകരുടെയും കുട്ടികളുടെയും വിലയിരുത്തൽ.
“എവിടെ അന്വേഷിച്ചാലും ഒന്നിലും ഒരു വ്യക്തതയുമില്ല എന്നുമാത്രമല്ല, മോശവും അവ്യക്തതയും അഹങ്കാരവും നിറഞ്ഞ ഉത്തരങ്ങളാണ് പലപ്പോഴും വകുപ്പുകളിൽ നിന്ന് ലഭിക്കുക“. – കീം ഫലം കാത്തിരിക്കുന്ന മാവൂർ സ്വദേശിനിയുടെ പിതാവ് പറഞ്ഞു.
കീം പരീക്ഷയുടെ ‘ഉത്തര സൂചിക‘ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ നോക്കി ഉത്തരങ്ങള്‍ പരിശോധിക്കാവുന്നതാണ്. അന്തിമ ഉത്തരസൂചികയെ അടിസ്ഥാനമാക്കിയാണ് കീം 2024 ഫലങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ, പരീക്ഷയിൽ അവരുടെ സ്കോറുകൾ പ്രവചിക്കാൻ ഉദ്യോഗാർഥികൾക്കും ഇത് ഉപയോഗിക്കാം.
MOST READ | രാജ്യത്ത് 21ലക്ഷം സിം കാർഡുകൾ വ്യാജം