തിരുവനന്തപുരം: വമ്പൻ വാഗ്‌ദാനങ്ങളുമായി നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി ബിജെപി. കേരളത്തിൽ അടുത്തകാലത്തായി ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളെല്ലാം ബിജെപിയുടെ പ്രകടന പത്രികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കേരളത്തിൽ എയിംസ് യാഥാർഥ്യമാക്കുമെന്നാണ് പ്രധാന പ്രഖ്യാപനം.
തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി നടപ്പാക്കുമെന്നും തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള അതിവേഗ പാത യാഥാർഥ്യമാക്കും. നിർധന കുടുംബങ്ങൾക്ക് വർഷത്തിൽ രണ്ടു എൽപിജി സിലിണ്ടർ സൗജന്യമായി നൽകും. ഓരോ വീടിനും പ്രതിമാസം 20000 ലിറ്റർ സൗജന്യ കുടിവെള്ളം, ക്ഷേമ പെൻഷൻ 3000 രൂപയാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടന പത്രികയിലുണ്ട്.
സംസ്‌ഥാനത്തെ ദേവസ്വം ബോർഡുകൾ പുനഃസംഘടിപ്പിക്കുമെന്ന പ്രഖ്യാപനവും ഉണ്ട്. ഇതിന് പുറമെ ശബരിമല സ്വർണക്കൊള്ള കേസ് സിബിഐ അന്വേഷിക്കുമെന്നും പ്രകടന പത്രികയിലുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ആണ് പ്രകടന പത്രിക പുറത്തിറക്കിയത്. ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മേയർ വിവി. രാജേഷ്, ട്വന്റി 20 കോർഡിനേറ്റർ ചീഫ് സാബു ജേക്കബ്, ബിഡിജെഎസ് സംസ്‌ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിൽ ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളിലായി 890 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഏപ്രിൽ ഒമ്പതിനാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്. മേയ് നാലിന് ഫലമറിയാം. മൂന്നാം തുടർഭരണം ലക്ഷ്യമിട്ട് സർക്കാരിന്റെ പത്തുവർഷത്തെ ഭരണനേട്ടം പറഞ്ഞ് എൽഡിഎഫും തിരിച്ചുവരവിനൊരുങ്ങി യുഡിഎഫും കേരളത്തിൽ ഒരുമാറ്റം വേണമെന്ന് വാദിച്ച് എൻഡിഎയും കളംനിറയുകയാണ്.
Most Read| ലോകായുക്‌ത നിയമ ഭേദഗതി ശരിവെച്ച് ഹൈക്കോടതി; ഹരജികൾ തള്ളി





































